Breaking News

ബളാൽ ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷം : തിങ്ങി നിറഞ്ഞ സദസിനെ ധന്യമാക്കി വിപഞ്ചികയുടെ ഓട്ടൻതുള്ളൽ അരങ്ങേറ്റം


വെള്ളരിക്കുണ്ട്: ബളാൽ ശ്രീ ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിപഞ്ചിക സന്തോഷ് അവതരിപ്പിച്ച ഓട്ടൻതുള്ളൽ കാണികൾക്ക് വേറിട്ട കലാനുഭവമായി.

പുതുതലമുറ ഇത്തരം കലാരൂപങ്ങളോട് വിമുഖത കാണിക്കുന്നുവെന്ന് പൊതുവെ ആക്ഷേപമുണ്ടെങ്കിലും ബളാൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ഓട്ടൻതുള്ളൽ അരങ്ങേറ്റം കാണാൻ കുട്ടികളും പ്രായമായവരും അടക്കം തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിയാണ് വിപഞ്ചികയും വിഷ്‌ണു പട്ടേരിയും തുള്ളൽ അവതരിപ്പിച്ചത്.

ഗുരു കുട്ടമത്ത് ജനാർദ്ദനൻ മാസ്റ്ററുടെ ശിക്ഷണത്തിൽ അഭ്യസിച്ച വിപഞ്ചിക, ഗരുഡഗർവ്വഭംഗം എന്ന കഥയാണ് ക്ഷേത്രസന്നിധിയിൽ അവതരിപ്പിച്ചത്. ഓട്ടൻതുള്ളലിന്റെ സവിശേഷമായ ആവിഷ്കാരശൈലിയും വർണാഭമായ വേഷവിധാനവും അഭിനയമികവും അവതരണത്തിന് മിഴിവേകി.

പഠനത്തോടൊപ്പം കലാപരിശീലനത്തിനും പ്രാധാന്യം നൽകുന്ന വിപഞ്ചിക ഓട്ടൻതുള്ളലിനു പുറമെ ഭരതനാട്യം, മോഹിനിയാട്ടം, വയലിൻ എന്നിവയും അഭ്യസിച്ചുവരുന്നു.

വിവിധ കലാരൂപങ്ങളിൽ പരിശീലനം തുടരുന്ന വിപഞ്ചികയുടെ കലാപ്രകടനം പാരമ്പര്യകലകളോടുള്ള പുതുതലമുറയുടെ താൽപ്പര്യവും സമർപ്പണവും വിളിച്ചോതുന്നതായി.

അറിയപ്പെടുന്ന നൃത്ത പരിശീലകനും തപസ്യ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് ഡയറക്ടറുമായ സന്തോഷ് നാട്യാഞ്ജലിയുടെയും ജലജയുടെയും മകളാണ് വിപഞ്ചിക

അരങ്ങേറ്റത്തിന് ശേഷം ക്ഷേത്രത്തിൻ്റെ സ്‌നേഹോപഹാരവും വിപഞ്ചിക ഏറ്റുവാങ്ങി

കുട്ടമത്ത് മണികണ്ഠദാസ് ( മൃദംഗം), ലയേഷ് കല്ലാച്ചി (ഇടക്ക) എന്നിവർ പക്കമേളമൊരുക്കി

No comments