Breaking News

ഫ്രാൻസിലെ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മാക്രോൺ, കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ട്രംപ്


പാരീസ്: ഫ്രാൻസിലെ ജനകീയ പ്രതിഷേധം യൂറോപ്പ് ആകെ പടരുന്നു. ഇറ്റലി, അൽബേനിയ, ബൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധറാലികൾ. ഇറ്റലിയിലെ മിലാനിൽ വ്യാപക സംഘർഷം ഉണ്ടായി. ആക്രമണം അഴിച്ചുവിടുന്നവർ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ആക്രമണത്തിന് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്നാണ് ട്രംപിൻ്റെ പ്രതികരണം.

ജീവിതച്ചെലവുകളുടെയും അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിന്‍റെയും പേരിൽ ഫ്രാൻസിൽ ആളിക്കത്തുന്ന പ്രതിഷേധം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടരുകയാണ്. ഇന്നലെ ഇറ്റലി, അൽബേനിയ, ബൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലും സർക്കാർ വിരുദ്ധറാലികൾ നടന്നു.

ഇറ്റലിയിലെ മിലാനിൽ വർധിച്ചുവരുന്ന നിത്യച്ചെലവുകൾക്കെതിരെയും കുറഞ്ഞ വേതനത്തിനെതിരെയും ഇറ്റാലിയ ഇൻ പിയാസ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ മാർച്ചാണ് ഒടുവിൽ അക്രമാസക്തമായത്. മുഖംമൂടി ധരിച്ച പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിയുകയും ബാരിക്കേഡുകൾക്ക് തീയിടുകയും ചെയ്തു. പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. നിരവധി പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അമ്പതോളം പേരെ പൊലീസ് തടങ്കലിലാക്കി.

No comments