പോഷൻ മാ 2026: പനത്തടി പഞ്ചായത്ത് തല പരിപാടി സംഘടിപ്പിച്ചു പഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു
പാണത്തൂർ : ഐ.സി.ഡി.എസ് പരപ്പ അഡീഷണൽ പദ്ധതിയുടെ കീഴിലുള്ള 25-ഓളം അംഗൻവാടികളെ ഏകോപിപ്പിച്ച് പോഷൻ മാഹ് 2026 പഞ്ചായത്ത് തല പരിപാടി പനത്തടി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.
ആറ് വയസ്സുവരെയുള്ള കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്ക് പോഷകമൂല്യമുള്ള ഭക്ഷണസാധനങ്ങൾ ശരിയായ അളവിലും തൂക്കത്തിലും സമീകൃതമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെപ്റ്റംബർ 9 മുതൽ ഒക്ടോബർ മാസം വരെ പോഷൻ മാഹ് ആചരിക്കുന്നത്.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത് അധ്യക്ഷത വഹിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം. പത്മകുമാരി, പഞ്ചായത്തംഗങ്ങളായ കെ. കെ. വേണുഗോപാൽ, എം. ഷിബു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ എൽ.എച്ച്.ഐ സിനി സെബാസ്റ്റ്യൻ ന്യൂട്രിഷൻ ക്ലാസ് നയിച്ചു. തുടർന്ന് ന്യൂട്രിഷൻ പ്രദർശനവും അംഗൻവാടി പ്രവർത്തകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഐ.സി.ഡി.എസ് സൂപ്പർവൈസർ ലത ചന്ദ്രൻ സ്വാഗതവും അംഗൻവാടി വർക്കർ കൊച്ചു ത്രേസ്യ നന്ദിയും രേഖപ്പെടുത്തി.

No comments