Breaking News

മൂന്ന് മാസത്തിനിടെ സെക്രട്ടറിയില്ലാതെ വെസ്റ്റ് എളേരി; ഫയൽ നീക്കവും സേവനങ്ങളും പ്രതിസന്ധിയിൽ


ഭീമനടി : വെസ്റ്റ് എളേരി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ നിരന്തരമായ സ്ഥലം മാറ്റം ഭരണ കാര്യങ്ങളെ സാരമായ് ബാധിക്കുകയാണ്. നിലവില്‍ ഉണ്ടായിരുന്ന സെക്രട്ടറി പത്തനംതിട്ട ജില്ലയിലേക്ക് ജൂലൈ മാസത്തില്‍ സ്ഥലംമാറ്റം ലഭിച്ച് പോയതിനുശേഷം ഏതാണ്ട് രണ്ടരമാസത്തിനുശേഷമാണ് പകരം സെക്രട്ടറിയെ നിയമിച്ചത്. ഈ മഴക്കാലത്ത് രണ്ടു തവണയായ് ഉണ്ടായ മഴക്കെടുതികളും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലുമൊക്കെ ഉണ്ടായപ്പോഴും സെക്രട്ടറിയുടെ അഭാവത്തിലും ഭരണസമിതി സമയോജിതമായ് ഇടപെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്നു. ആ ഘട്ടത്തിൽ സെക്രട്ടറിയുടെ അഭാവം തുടർ പ്രവർത്തനങ്ങൾക്കും ഫയൽ നീക്കങ്ങൾക്കും ബാധിക്കുന്നതിനാൽ അസി.സെക്രട്ടറി ഉൾപ്പടെയുള്ളവർ രാപ്പകൽ പണിയെടുക്കേണ്ട സ്ഥിതിയായിരുന്നു.

ഈ കഴിഞ്ഞ സെപ്തംബർ അവസാനമാണ് എറണാകുളം സ്വദേശിയായ സെക്രട്ടറി ഇവിടെ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ആ സെക്രട്ടറിയെ മൂന്നാം ദിവസം തന്നെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി. പകരം സെക്രട്ടറിയെ നിയമിച്ചുമില്ല. ശേഷം രണ്ടുമൂന്ന് തവണ സെക്രട്ടറിമാരുടെ സ്ഥലം മാറ്റവും, പ്രൊമോഷൻ നിയമനവും നടന്നെങ്കിലും വെസ്റ്റ് എളേരിയെ പരിഗണിച്ചില്ല. ഈ കാലയളവിൽ രണ്ടുതവണ അസി.സെക്രട്ടറിമാർക്കും സ്ഥലം മാറ്റം ഉണ്ടായീ. നിലവില്‍ ഉണ്ടായിരുന്ന അസി. സെക്രട്ടറിയെ ആറ് മാസംപോലും ആകും മുമ്പ് കാസര്‍ഗോഡ് മുൻസിപ്പാലിറ്റിയിലേക്ക് മാറ്റി. പകരം പള്ളിക്കരയിൽ നിന്നും ഇവിടെ നിയമിച്ച അസി. സെക്രട്ടറിയെ വന്ന് നാലാം ദിവസം ചെറുവത്തൂരേക്ക് മാറ്റി നിയമിച്ചു. പകരം നേരത്തെ ഉണ്ടായിരുന്നവരെ ഇവിടെ വീണ്ടും നിയമിച്ചു.

വകുപ്പിൻ്റെ സുഗമമായ നടത്തിപ്പിന് എന്ന് പറഞ്ഞ് നടത്തുന്ന ഇത്തരം സ്ഥലം മാറ്റങ്ങൾ യഥാർത്ഥത്തിൽ ഭരണ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്.

സെക്രട്ടറിയുടെ അഭാവത്തിൽ അസി.സെക്രട്ടറിമാർക്ക് ചാർജ്ജ് കൊടുക്കുമ്പോൾ അവർക്ക് താങ്ങാനാവാത്ത ജോലി ഭാരമാണ് ഉണ്ടാകുന്നത്. നിലവിൽ കുടുംബശ്രീയുടേയും തൊഴിലുറപ്പ് പദ്ധതിമുടേയും പട്ടിക വർഗ്ഗ പദ്ധതികളുടേയുമെല്ലാം ചുമതല അസി. സെക്രട്ടറിക്കാണ്. പുറമേയാണ് ഈ അധിക ചുമതലയും.

സെക്രട്ടറിയുടെ അഭാവം പഞ്ചായത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിക്കുകയാണ്. പൊതുജനങ്ങൾക്ക് നൽകേണ്ട നിരവധിയായ സേവനങ്ങളും, ഫയൽ നീക്കവും പഞ്ചായത്ത് വാർഷീക പദ്ധതികളുടെ നിർവ്വഹണവും മോണിറ്ററിംഗും ഉൾപ്പടെ സെക്രട്ടറി ചെയ്യേണ്ട ഭരണനടപടികൾ സമയബന്ധിതമായ് ചെയ്യാൻോ കഴിയാത്ത സാഹചര്യമാണുള്ളത്. മലയോര പഞ്ചായത്ത് എന്ന പരിഗണന കൂടി കണക്കാക്കി വെസ്റ്റ് എളേരി പഞ്ചായത്തിൽ അടിയന്തിരമായ് സെക്രട്ടറി നിയമനം നടത്താന്‍ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നു.

No comments