തെരുവുനായയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരിക്ക് ഗുരുതര പരിക്ക് അമ്പലത്തറ നായിക്കുട്ടിപ്പാറയിൽ സംഭവം; പ്രദേശവാസികൾ ഭീതിയിൽ
തിങ്കളാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽവാസികളും ചേർന്നാണ് നായയുടെ ആക്രമണത്തിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റും മുറിവുകളുമായ കുട്ടിയെ ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിക്കു നേരെയുണ്ടായ ആക്രമണത്തോടെ നായിക്കുട്ടിപ്പാറയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ഭീതി ശക്തമായിരിക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

No comments