മാളവികയുടെ സ്വപ്നത്തിന് ചിറകുമുളക്കുന്നു ബങ്കളത്തെ കക്കാട്ട് സ്കൂളിൽ ആധുനിക സ്റ്റേഡിയം ഒരുങ്ങുന്നു
നീലേശ്വരം : ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിൽ ഇടം നേടിയ രണ്ടാമത്തെ മലയാളി താരവും ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യക്കായി ഗോൾ നേടുകയും ചെയ്ത മടിക്കൈ ബങ്കളത്തെ മാളവികക്ക് മുൻമുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വാഗ്ദാനം നടപ്പാക്കുന്നു . മാളവിക തിരുവനന്തപുരത്ത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ നേരിൽകണ്ടാണ് താൻ ഫുട്ബോൾ തട്ടി വളർന്ന ബങ്കളത്തെ കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയം പണിയണമെന്ന് ആവശ്യപ്പെട്ടത്. മാളവികയുടെ പിന്മുറക്കാർക്ക് മികച്ച നിലയിൽ ഫുട്ബോൾ കളിച്ചുവളരാനുള്ള സ്റ്റേഡിയം പണിയുമെന്ന് അന്നുതന്നെ മുഖ്യമന്ത്രി ഉറപ്പുനൽകുകയും ചെയ്തു. തുടർന്നാണ് സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ അനുവദിച്ചത്. ഇതേ തുടർന്നാണ് ഇപ്പോൾ കാക്കാട്ട് സ്കൂളിൽ സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് എംഎൽഎ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പദ്ധതി പ്രദേശം സന്ദർശിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോവിന്ദൻ കീലത്ത്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ വി മനോജ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ ബെന്നി തോമസ്,എസ് എം സി ചെയർമാൻ പി കെ സുരേശൻ, പി ടി എ വൈസ് പ്രസിഡന്റ് വി വിനോദ് പൊതു പ്രവർത്തകരായ എൻ ബാലകൃഷ്ണൻ, കെ പ്രഭാകരൻ, കെവിരാമചന്ദ്രൻ, തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.സ്റ്റേഡിയം പദ്ധതിയുടെ ആദ്യഘട്ടത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണവും സിന്തറ്റിക് ട്രാക്കിന്റെ നിർമ്മാണവുമാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ വിദ്യാർഥികൾക്കും കായികതാരങ്ങൾക്കും മികച്ച കായിക പരിശീലന സൗകര്യങ്ങൾ ലഭ്യമാകും.

No comments