നീലേശ്വരം നഗരസഭാ ബസ്സ്റ്റാൻഡിൽ കയറാതെ ദേശീയപാത വഴി സർവീസ് തുടരുന്ന ബസുകൾക്കെതിരേ കർശനനടപടി സ്വീകരിക്കാൻ തീരുമാനം...
നീലേശ്വരം : നഗരസഭാ ബസ്സ്റ്റാൻഡിൽ കയറാതെ ദേശീയപാത വഴി സർവീസ് തുടരുന്ന ബസുകൾക്കെതിരേ കർശനനടപടി സ്വീകരിക്കാൻ തീരുമാനം. പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള
കർശനനടപടികൾക്കാണ് നഗരസഭാ ഓഫീസിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനമെടുത്തത്.
ബസുകൾ നിർബന്ധമായും നീലേശ്വരം ബസ്സ്സ്റ്റാൻഡിൽ പ്രവേശിച്ച് യാത്രക്കാരെ എടുക്കുകയും ഇറക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കും. ഇതിനായി ജില്ലാ ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തും. പുതിയ ബസ്സ്റ്റാൻഡിൽ ബസുകൾ കയറുന്നതും ഇറങ്ങുന്നതും ഏതേതുവശങ്ങളിൽ കൂടിയാകണമെന്ന കാര്യത്തിൽ ശാസ്ത്രീയപഠനം നടത്താനും റിപ്പോർട്ടുകളും ശുപാർശകളും നഗരസഭയ്ക്ക്
സമർപ്പിക്കാനും യോഗം ആർ.ടി.ഒയെ ചുമതലപ്പെടുത്തി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി നൽകിയ പരാതികൾക്ക് ആർ.ടി.ഒ. ഇനിയും മറുപടി നൽകാത്ത കാര്യം കഴിഞ്ഞദിവസം 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തിരുന്നു.

No comments