Breaking News

ആത്മവിശ്വാസത്തിന് കരുത്തേകി ആദൂർ പോലീസിൻ്റെ സ്വയം പ്രതിരോധ പരിശീലനം

ആദൂർ: മാറുന്ന കാലഘട്ടത്തിൽ വ്യക്തിസുരക്ഷയും സ്വയം പ്രതിരോധശേഷിയും ഏറെ പ്രധാനപ്പെട്ടതാണെന്ന സന്ദേശവുമായി ആദൂർ ജനമൈത്രി പോലീസിന്റെയും കാസർഗോഡ് സോഷ്യൽ പോലീസിങ് ഡിവിഷന്റെയും നേതൃത്വത്തിൽ ജനമൈത്രി സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളേരിയ ഗണേഷ് കലാമന്ദിരത്തിൽ നടന്ന ക്യാമ്പ് കാസർഗോഡ് എംഎൽഎ കല്ലട്ര മാഹിൻ ഉദ്ഘാടനം ചെയ്തു.

ദൈനംദിന ജീവിതത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ തിരിച്ചറിയാനും പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മവിശ്വാസത്തോടെ നേരിടാനും സ്വയം പ്രതിരോധ പരിശീലനം സഹായകമാകും. ശാരീരികമായി പ്രതിരോധിക്കാനുള്ള കഴിവിനൊപ്പം അപകടസാഹചര്യങ്ങൾ തിരിച്ചറിയാനും അതിൽനിന്ന് സുരക്ഷിതമായി മാറാനും മാനസികമായ കരുത്ത് നേടാനും ഇത്തരം പരിശീലനങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. വ്യക്തിസുരക്ഷ സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന ബോധവൽക്കരണവും ക്യാമ്പിന്റെ ലക്ഷ്യമായി.

കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം. ജനനി അധ്യക്ഷത വഹിച്ചു. മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞി, ബെള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. പുരുഷോത്തമൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം രൂപ സത്യൻ, മുള്ളേരിയ വ്യാപാര വ്യവസായി പ്രസിഡന്റ് ഗണേഷ് വത്സ, വാർഡ് അംഗം ഷെരീഫ് എന്നിവർ സംസാരിച്ചു.

ആദൂർ സർക്കിൾ ഇൻസ്പെക്ടർ ഇ. അനൂപ് സ്വാഗതവും ആദൂർ എസ്.എച്ച്.ഒ കെ. ശരത് നന്ദിയും പറഞ്ഞു.

പഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, ലയൺസ് ക്ലബ് അംഗങ്ങൾ, വ്യാപാരി വ്യവസായി അംഗങ്ങൾ, വിദ്യാശ്രീ സ്കൂൾ കുട്ടികൾ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.

സബ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ മാങ്ങാട്, ഇ. സുകുമാരൻ, ഇ. മധുസൂദനൻ നായർ, ജനമൈത്രി നോഡൽ ഓഫീസർ ശശിധരൻ പുല്ലൂർ, ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് കുമാർ പള്ളിക്കൈ, സ്റ്റേഷൻ റൈറ്റർ സുരേഷ് തെക്കേക്കാട്, നിതിൻ ദിവാകർ, സ്വാതി പി., സൂര്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെൽഫ് ഡിഫൻസ് ടീം കാസർഗോഡ് സൈദയുടെ നേതൃത്വത്തിലാണ് പരിശീലന ക്ലാസ് കൈകാര്യം ചെയ്തത്.

No comments