ന്യൂജെൻ തലമുറയ്ക്ക് മാതൃകയായി സനൂജ; പഠനത്തിനൊപ്പം അച്ഛനമ്മമാർക്ക് കൈത്താങ്ങായി ഒൻപതാം ക്ലാസുകാരി
തൃക്കരിപ്പൂർ: ന്യൂജെൻ മക്കളെക്കുറിച്ച് രക്ഷിതാക്കൾക്ക് പരാതികൾ ഏറെയാണ്. രാവിലെ എഴുന്നേൽക്കില്ല, പറഞ്ഞാൽ അനുസരിക്കില്ല, ഉത്തരവാദിത്തമില്ല, എപ്പോഴും മൊബൈൽ ഫോണിലാണ് തുടങ്ങി പരാതികൾ നീളുന്നു. എന്നാൽ ഇത്തരം പരാതികൾക്കിടയിൽ പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് വൈക്കത്തെ സനൂജ എന്ന ഒൻപതാം ക്ലാസുകാരി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ക്ഷീരകർഷകരായ അച്ഛനമ്മമാർക്ക് ചെറിയ സഹായങ്ങളുമായി ഈ കൊച്ചുമിടുക്കി എന്നും ഒപ്പമുണ്ട്. അച്ഛൻ ജയരാജൻ പശുവിനെ കറന്നുകഴിഞ്ഞാൽ പാൽ വൈക്കത്ത് ക്ഷീരസംഘത്തിൽ എത്തിക്കേണ്ട ചുമതല സനൂജ സ്വയം ഏറ്റെടുത്തിരിക്കുകയാണ്. കൊച്ചുകൈകളിൽ പാൽപ്പാത്രവുമായി സൊസൈറ്റിയിലേക്ക് നടന്നു നീങ്ങുന്ന സനൂജ നാട്ടുകാർക്ക് ഇപ്പോൾ സുപരിചിതമായ കാഴ്ചയാണ്. പഠനത്തിനൊപ്പം പശുവിനെ മേയ്ക്കാനും പുല്ലരിയാനും തീറ്റ കൊടുക്കാനുമെല്ലാം സനൂജ സമയം കണ്ടെത്തുന്നു. വീട്ടിലെ പശു മാളുവും കിടാവ് മണിക്കുട്ടിയും അവൾക്ക് കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. 'മണിക്കുട്ടി' എന്ന് നീട്ടി വിളിച്ചാൽ സനൂജയുടെ അരികിലേക്ക് ഓടിയെത്തുന്ന കിടാവുമായുള്ള അവളുടെ സ്നേഹബന്ധവും ഏറെ കൗതുകകരമാണ്. ഈയ്യക്കാടുള്ള ക്ഷീരകർഷകൻ പി. ജയരാജന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ ഇ. സുജയുടെയും മകളാണ് സനൂജ. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം തരം വിദ്യാർഥിനിയാണ്. ചുരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ബാലവേദി അംഗം കൂടിയാണ് സനൂജ. സഹോദരി അനൂജ ഇതേ സ്കൂളിലെ പത്താം തരം വിദ്യാർഥിനിയാണ്. മണിക്കുട്ടി അനൂജയ്ക്കും ഏറെ പ്രിയപ്പെട്ടവളാണ്. കുടുംബത്തോടുള്ള കരുതലും അധ്വാനശീലവും ഉത്തരവാദിത്തബോധവും പ്രായത്തെക്കാൾ വലിയ മനസ്സിന്റെ അടയാളങ്ങളാണ്. മക്കളെക്കുറിച്ച് പരാതികൾ പറയുന്ന കാലത്ത്, പരാതികൾക്കുള്ള മറുപടിയായി പാൽപ്പാത്രവുമായി പുലരിയിലേക്ക് നടന്നുപോകുന്ന സനൂജയുടെ ജീവിതം പുതുതലമുറയ്ക്ക് നൽകുന്നത് വലിയൊരു സന്ദേശമാണ്

No comments