സ്കൂട്ടറിൽ എത്തി എംഡിഎംഎ കൈമാറുന്നതിനിടെ രണ്ടു യുവാക്കൾ ബദിയടുക്ക പൊലീസിന്റെ പിടിയിലായി
കാസർകോട്: സ്കൂട്ടറിൽ എത്തി എംഡിഎംഎ കൈമാറുന്നതിനിടെ രണ്ടു യുവാക്കൾ ബദിയടുക്ക പൊലീസിന്റെ പിടിയിലായി. എതിർതോട് ബഡാർ നഗറിലെ എ മുഹമ്മദ് അജാസ്(26), മുള്ളേരിയയിലെ സുലൈമാൻ അഫ്രീദി(28) എന്നിവരാണ് പിടിലായത്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ നെല്ലിക്കട്ട ബിലാൽ റോഡ് ജങ്ഷനിൽ വച്ചാണ് ഇരുവരും പിടിയിലായത്. എസ്ഐ ടി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തി വരികെ നെല്ലിക്കട്ടയിൽ വച്ച് പൊലീസിനെ കണ്ട് രണ്ടുപേർ ഓടിപ്പോകാൻ ശ്രമിച്ചു. ഇത് ശ്രദ്ധയിൽപെട്ട പൊലീസ് യുവാക്കളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. എന്നാൽ പരസ്പരവിരുദ്ധമായ മൊഴി നൽകിയതോടെ പൊലീസിൽ സംശയം ഉയർന്നു. തുടർന്ന് ദേഹപരിശോധന നടത്തിയതോടെ ഒരാളുടെ പോക്കറ്റിൽ സൂക്ഷിച്ച 039 ഗ്രാം എംഡിഎംഎ കണ്ടെത്തി. സ്വന്തം ആവശ്യത്തിന് വേണ്ടി 1000 രൂപയ്ക്ക് വാങ്ങിയതാണെന്ന് പ്രതികൾ പറഞ്ഞു. പ്രതികളുടെ ഫോണും ആധാർ കാർഡും കസ്റ്റഡിയിലെടുത്തു. ഗ്രേഡ് എസ്ഐ വിനോദ് കുമാർ, ഗ്രേഡ് എഎസ്ഐ ബിജു, എസ്.സി.പി.ഒ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

No comments