നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കൊടുങ്ങല്ലൂർ: നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ട് യുവദമ്പതികൾ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ (ഷാനു- 33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേ മുക്കാലോടെ കോട്ടപ്പുറം-മൂത്തകുന്നം പാലത്തിലായിരുന്നു അപകടം.
കോഴിക്കോട് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. സൗദിയിൽ ഡ്രൈവർ ആയിരുന്ന ഷാന്‍ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ക്വാറന്‍റീൻ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് വീടിന് പുറത്തിറങ്ങിയത്.
ഭാര്യയുമൊത്ത് എറണാകുളം ലിസി ആശുപത്രിയിൽ പോയി മടങ്ങുന്ന വഴിയായിരുന്നു അപകടം. കോവിഡ് ബാധിതയായിരുന്ന ഹസീന ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഗമുക്തി നേടിയത്. ഇരുവരുടെയും ഖബറടക്കം ഇന്ന് എറിയാട് കടപ്പൂര് പള്ളിയിൽ നടക്കും.
No comments