
പരപ്പ : ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പുതുക്കാവുന്ന ഊർജ സ്രോതസുകൾ പരമാവധി ഉപയോഗപ്പെടുത്തി സുസ്ഥിര വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അവലോകനം ചെയ്യുന്നതിനായി മിനിസ്ട്രി ഓഫ് ന്യു ആൻഡ് റിന്യുവബിൾ എനർജിയിലെ സയന്റിസ്റ്റ് പരപ്പ ബ്ലോക്ക് പഞ്ചയത്ത് സന്ദർശിച്ചു. അദ്ദേഹം പഞ്ചായത്ത് ഭരണസമിതിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും വിശദമായ ചർച്ച നടത്തി. റിന്യൂവബിൾ എനർജി വിഭവങ്ങൾ പ്രയോജനപ്പെടുത്തി കാർഷിക, ഗൃഹ, പൊതുസൗകര്യ മേഖലകളിൽ വികസനം സാധ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന പി എം കുസും, പ്രധാനമന്ത്രി സൂര്യ ഘർ മുഫ്‌ത് ബിജിലി യോജന തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളെ പരസ്പരം ഇന്റഗ്രേറ്റ് ചെയ്ത് കോൺവർജൻസ് രീതിയിൽ പ്രയോജനപ്പെടുത്താനുള്ള സാധ്യതകളാണ് ചർച്ചയുടെ മുഖ്യവിഷയമായത്.ഈ പദ്ധതികൾ ഏകോപിപ്പിച്ച് സോളാർ എനർജി അധിഷ്ഠിതമായ വൈദ്യുതി ഉൽപാദനം, കാർഷിക ആവശ്യങ്ങൾക്ക് സൗരോർജ പമ്പുകളുടെ ഉപയോഗം, ഗൃഹങ്ങളിലേക്കുള്ള സൗജന്യ വൈദ്യുതി ലഭ്യത, പൊതുകെട്ടിടങ്ങളിൽ സോളാർ പ്ലാന്റുകളുടെ സ്ഥാപനം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനെക്കുറിച്ചും വിശദമായി ചർച്ചകൾ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബിന്ദു, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പി വി അനു, കെഎസ്ഇബി കാസർകോട് അസിസ്റ്റന്റ് എൻജിനീയർ സാജു രാജേന്ദ്ര പ്രസാദ്, അനർട്ട് കാസർകോട് ജില്ലാ എൻജിനീയർ കെ സി സയ്യിദ് താജുദ്ദീൻ തങ്ങൾ എന്നിവർ സംസാരിച്ചു.
No comments