മദ്യ വില്‍പ്പന നാളെ മുതല്‍; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി
തിരുവനന്തപുരം• ബവ്റിജസ് ഔട്ട്ലറ്റുകളും ബാറുകളും വ്യാഴാഴ്ച തുറക്കും. ബവ്ക്യൂ ആപ് ഒഴിവാക്കി പഴയ രീതിൽ വിൽപ്പന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആപ് ഏർപ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനം. ഷോപ്പുകളിൽ ശാരീരിക അകലം പാലിക്കുന്നതിനു കർശന നടപടിയെടുക്കും. ഇതിനു പൊലീസിന്റെ സഹായം തേടാനും തീരുമാനമായി. ഷോപ്പുകൾ വൃത്തിയാക്കാൻ റീജനൽ മാനേജർമാർക്കും മാനേജർമാർക്കും ബവ്കോ എംഡി നിർദേശം നൽകി. ഏപ്രിൽ 26 മുതൽ ഷോപ്പുകൾ അടഞ്ഞു കിടക്കുകയാണ്. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് മദ്യവിൽപന.
ആപ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബവ്കോ എംഡി ബുധനാഴ്ച രാവിലെ ഫെയർകോഡ് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ആപ്പിന്റെ സാങ്കേതിക സംവിധാനത്തെക്കുറിച്ച് പ്രതിനിധികൾ വിശദീകരിച്ചു. പിന്നീട് എക്സൈസ് തലത്തിലും സർക്കാർ തലത്തിലും ചർച്ചകൾ നടത്തിയശേഷമാണ് ആപ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആപ് പൂർണ സജ്ജമാകാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് കമ്പനി പ്രതിനിധികൾ അറിയിച്ചത്.
കഴിഞ്ഞ ലോക്ഡൗൺ സമയത്ത് ആപ്പിന്റെ പ്രവർത്തനം സംബന്ധിച്ച് ബവ്കോയ്ക്കു പരാതിയുണ്ടായിരുന്നു. കൂടുതൽ ബുക്കിങ് ബാറുകൾക്കു പോകുന്നതായാണ് ആക്ഷേപം ഉയർന്നത്. ബവ്കോയ്ക്കു വരുമാനം കുറയുന്ന സാഹചര്യം ഒഴിവാക്കാനാണ് ആപ് ഒഴിവാക്കിയതെന്നറിയുന്നു. ബാറുടമകളും ആപ്പ് വഴിയുള്ള വിൽപ്പനയ്ക്കു എതിരായിരുന്നു. സംസ്ഥാനത്ത് 604 ബാറുകളും 265 ബവ്കോ ഔട്ട്ലറ്റുകളും 32 കൺസ്യൂമർഫെഡ് ഔട്ട്ലറ്റുകളുമാണ് പ്രവർത്തിക്കുന്നത്.
No comments