അമ്മക്കെതിരെ മകന്‍ നല്‍കിയ പീഡന പരാതി വ്യാജം: അന്വേഷണ സംഘം
തിരുവനന്തപുരം | ഏറെ വിവാദമായ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ മകന്‍ അമ്മക്കെതിരെ നല്‍കിയ പീഡന പരാതി വ്യാജമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. 13കാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നും റിപ്പോര്‍ട്ട് വിശദമായ ശാസ്ത്രീയ പരിശോധനക്ക് ശേഷമാണെന്നും അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ മാതാവ് നിരപരാധിയാണ്. പരാതിക്ക് പിന്നില്‍ പരപ്രേരണയില്ല. കുട്ടി മൊബൈലില്‍ അശ്ലീല വീഡിയോകണ്ടത് ചോദ്യം ചെയ്തപ്പോള്‍ വ്യാജ പരാതി ഉന്നയിക്കുകയായിരുന്നെന്നും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കോടതി ഫയലില്‍ സ്വീകരിച്ചു.
മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയിലാണ് കടയ്ക്കാവൂര്‍ പോലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തത്. വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു സ്ത്രീയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്റെ വാദം.
No comments