പ്രതിസന്ധികളോട് പടവെട്ടി നേടിയ വിജയം നൃത്തവേദിയിൽ താരമായി മാലോത്ത് കസബയിലെ വിഷ്ണു ബാലകൃഷ്ണൻ
കാസർകോട് : കാസറഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടി, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ വിഷ്ണു ബാലകൃഷ്ണൻ പ്രതിസന്ധികളോട് പൊരുതിയാണ് ഈ നേട്ടം കൈവരിച്ചത്. ജി.എച്ച്.എസ്.എസ് മാലോത്ത് കസബ യിലെ പത്താം തരം വിദ്യാർത്ഥിയായ വിഷ്ണു കൊന്നക്കാടിനടുത്തുള്ള പനതാങ്ങി എന്ന ഉൾഗ്രാമത്തിലാണ് താമസിക്കുന്നത്. ഗോത്ര മേഖലയിൽ നിന്ന് കലാരംഗത്ത് മികവ് തെളിയിക്കുന്ന ഈ മിടുക്കന് പിന്തുണയുമായി അച്ഛൻ ബാലകൃഷ്ണനും അമ്മ ദേവിയുമുണ്ട്. മത്സര വേദികളിൽ ഒപ്പം തുണയായി അമ്മയുടെ സഹോദരി ശ്യാമളയുമുണ്ട്. സാമ്പത്തിക പരിമിതികളും യാത്രാക്ലേശങ്ങളും തരണം ചെയ്താണ് വിഷ്ണു കലാ രംഗത്ത് മികവ് തെളിയിക്കുന്നത്. കുടുംബത്തിൻ്റെയും അഭ്യുദയകാംക്ഷികളുടെയും സ്കൂൾ അധികൃതരുടെയും പ്രോത്സാഹനം വിഷ്ണുവിന് കലാരംഗത്ത് കരുത്ത് പകരുന്നു. താമസ സ്ഥലത്ത് നിന്ന് ഏകദേശം നാല്പത് കിലോമീറ്ററോളം യാത്ര ചെയ്ത് നീലേശ്വരത്ത് എത്തിയാണ് ശ്രീമതി കലാമണ്ഡലം അജിതയുടെ ശിക്ഷണത്തിൽ വിഷ്ണു നൃത്ത പരിശീലനം നടത്തുന്നത്. ജനുവരിയിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിലും നേട്ടങ്ങൾ ആവർത്തിക്കാനുള്ളതീവ്ര പരിശീലനത്തിലാണ് ഈ കൊച്ചു നർത്തകൻ. പ്രതിസന്ധികളോട് പൊരുതി കലാരംഗത്ത് വിജയങ്ങൾ നേടുന്ന വിഷ്ണു ബാലകൃഷ്ണൻ നാടിനും സ്കൂളിനും അഭിമാന താരമായി മാറിയിരിക്കുകയാണ്.
No comments