തൊഴിലുറപ്പ് മേറ്റുമാരുടെ സമയോചിതമായ ഇടപെടലിൽ ക്ഷേത്ര കുളത്തിൽ മുങ്ങിതാഴ്ന്ന അച്ഛനേയും മകളേയും അത്ഭുതകരമായി രക്ഷപ്പെടുത്തി മടിക്കൈ കക്കാട്ടാണ് സംഭവം
മുങ്ങിതാഴ്ന്ന കക്കാട്ടെ കുഞ്ഞി വീട്ടിൽ മഹേഷിനും മകൾ ദിയക്കുമാണ് പുനർജന്മം ലഭിച്ചത്. മടിക്കൈ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ മേറ്റുമാരായ പ്രസീത മുരളിയും ഇന്ദിരാ ബാബുവും നാട്ടുകാരനായ മാരാൻ വീട്ടിൽ ചന്ദ്രശേഖരനും അവർക്ക് രക്ഷകരായത്. പണിസ്ഥലം സന്ദർശിച്ച് അടുത്ത സൈറ്റിലേക്ക് പോകുമ്പോൾ മേറ്റുമാരായ പ്രസീതയും ഇന്ദിരയും ക്ഷേത്രത്തിൽ കയറിയിരുന്നു. ഇവർ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഒരു കുട്ടി കുളത്തിൽ നീന്തുന്നത് കണ്ടിരുന്നു. ഏതാനും മിനിറ്റുകൾ കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ കുട്ടി വെള്ളത്തിൽ മുങ്ങിതാഴുന്നത് പ്രസീത കണ്ടു. ഒന്നും ആലോചിച്ചില്ല അപ്പോൾ തന്നെ കുളത്തിലേക്ക് പ്രസീത എടുത്തുചാടി. പ്രസീതക്ക് പിന്നാലെ ഇന്ദിരയും കുളത്തിൽ ചാടി. നിലവിളി കേട്ട് മാരാൻ വീട്ടിൽ ചന്ദ്രശേഖരനും എത്തിയപ്പോഴാണ് മഹേഷും വെള്ളത്തിൽ മുങ്ങുന്നത് കണ്ടത്. ഇതിനിടയിൽ പ്രസീത നീന്തി അവശയായിരുന്നു. ചന്ദ്രശേഖരന്റേയും ഇന്ദിരയുടേയും സഹായത്തോടെ ഓല ഇട്ട് കൊടുത്ത് പ്രസീത കുട്ടിയെ ആദ്യം കരക്കെത്തിച്ചു. പിന്നീട് വീണ്ടും കുളത്തിലിറങ്ങി കുട്ടിയുടെ പിതാവിനെയും രക്ഷപ്പെടുത്തി. നീന്തുന്നതിനിടയിൽ കുട്ടി കുളത്തിൽ മുങ്ങുന്നത് കണ്ട് നീന്തൽ അറിയാത്ത മഹേഷും കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു മഹേഷിന്റെ കുടുംബം. ഏഴാം ക്ലാസിൽ പഠിക്കുന്ന മകളെയും കൂട്ടി കുളത്തിലിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ആ സമയത്ത് അതുവഴി പോകാൻ തോന്നിയത് ഒരു നിയോഗമാണെന്ന് പ്രസീതയും ഇന്ദിരയും പറയുന്നു.
No comments