പീഡന പരാതി ഒതുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം: ശബ്ദരേഖ പുറത്ത്
കോഴിക്കോട്: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടെന്ന് ആരോപണം. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടു. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായി. എന്‍സിപി സംസ്ഥാന നേതാവിനെതിരായ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. അതേസമയം പാർട്ടിയിലെ പ്രശ്നം എന്ന നിലയിലാണ് നല്ല രീതിയിൽ തീർക്കണമെന്ന് പറഞ്ഞതെന്നും പരാതി ഒത്തുതീർപ്പാക്കണമെന്നല്ല പറഞ്ഞതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയർന്നത്. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രശ്‌നം അടിയന്തരമായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ സമയത്തു മുതല്‍ ആരംഭിച്ച തര്‍ക്കമാണ് ഈ വിഷയത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശിക എന്‍സിപി നേതാവാണ്. എന്നാല്‍ പെണ്‍കുട്ടി യുവമോര്‍ച്ച പ്രവര്‍ത്തകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. അന്ന് മുതല്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉപയോഗിച്ചതായി പരാതി ഉണ്ടായിരുന്നു.
അതിനുശേഷം പെണ്‍കുട്ടി പരാതിയില്‍ പറയുന്ന എന്‍സിപി നേതാവിന്റെ കടയുടെ സമീപത്തുകൂടി പോകുമ്പോള്‍ അയാള്‍ കടയിലേക്ക് കൈയിൽ പിടിച്ചു വിളിച്ചുകയറ്റി എന്നാണ് പരാതി. കഴിഞ്ഞ 28ാം തീയതിയാണ് ഈ പരാതി കുണ്ടറ പൊലീസില്‍ നല്‍കിയത്. എന്നാല്‍ വിഷയം പഠിക്കട്ടെയെന്നായിരുന്നു കുണ്ടറ പൊലീസിന്റെ നിലപാട്. ഇതോടെ പെണ്‍കുട്ടി സിറ്റി പൊലീസില്‍ അടക്കം പരാതി നല്‍കി. എന്നിട്ടും ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
ഇതിനിടയിലാണ് സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ തമ്മിലുള്ള കുടുംബ പ്രശ്‌നമാണെന്നും ഇരുകൂട്ടരും പാര്‍ട്ടിക്കാരാണെന്നും പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരണമാണ് മന്ത്രി വിളിച്ചതെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.
No comments