Breaking News

വടക്കാക്കുന്ന്-മരുത്കുന്ന് പ്രദേശത്തെ ജൈവസമ്പത്ത് ഊറ്റിയെടുക്കാനുള്ള ഖനന മാഫിയയുടെ ശ്രമം ഉപേക്ഷിക്കുക: ഡി.വൈ.എഫ്.ഐ പരപ്പ മേഖല കമ്മറ്റി


വെള്ളരിക്കുണ്ട്: കാസർകോട് ജില്ലയിലെ കിനാനൂർ-കരിന്തളം, ബളാൽ പഞ്ചായത്തുകളിലായി പരപ്പ ,ബളാൽ വില്ലേജുകളിൽ കാരാട്ട്, തോടംചാൽ, കൂളിപ്പാറ, പന്നിത്തടം, ഏറാൻ ചിറ്റ, കനകപ്പള്ളി തുടങ്ങിയ പ്രദേശങ്ങളുടെ നടുവിലായി സ്ഥിതി ചെയ്യുന്ന വടക്കാക്കുന്ന്-മരുത് കുന്ന് മലനിരകളിലെ ജൈവസമ്പത്ത് ഊറ്റിയെടുക്കാനുള്ള വൻകിട ക്വാറി മാഫിയകളുടെ നീക്കം അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ പരപ്പ മേഖല കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 ഈ പ്രദേശത്തെ ഏകദേശം 200 ഏക്കറോളം സ്ഥലം വൻ മോഹവില നൽകി വാങ്ങിക്കൂട്ടിയിരിക്കുകയാണ് ഇക്കൂട്ടർ.ഇതിൽ പട്ടികവർഗ്ഗ വിഭാഗത്തിലെ കുടുംബങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി ഉൾപ്പെടെയുണ്ട്. നിലവിൽ മരുത് കുന്ന് പ്രദേശത്ത് സ്ഫോടകവസ്തുകൾ സംഭരിച്ചു വെക്കാനുള്ള മാഗസിൻ നിർമ്മിച്ചിട്ടുണ്ട്.ഇത് അനധികൃതമായാണ് നിർമ്മിച്ചത്. ജനകീയ പ്രതിഷേധം വന്നപ്പോൾ പൊളിച്ചുനീക്കി തൊട്ടടുത്ത പ്രദശത്തേക്ക് മാറ്റി. ജില്ലാ കളക്ടർ ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് ജനപ്രതിനിധികളുടേയും രാഷ്ടിയ പാർട്ടി പ്രതിനിധികളുടെയും സംരക്ഷണ സമിതി അംഗങ്ങളുടെയും യോഗം വിളിച്ച് ചേർത്തിരുന്നു. ഇതു വരെ ഒരു വകുപ്പിൽ നിന്നും ഇവർക്ക് അനുമതി നൽകിയിട്ടില്ലെന്ന് യോഗത്തിൽ വെച്ച് ജില്ലാ കലക്ടർ അറിയിച്ചു. ഭൂമി - പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ എഡിഎമ്മിന്റ നേതൃത്വത്തിൽ രണ്ട് സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരം തീരുമാനങ്ങൾ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നു. എന്നാൽ വൻവില നൽകി വാങ്ങിക്കൂട്ടിയ ഭൂമിയിൽ കോടതിയെ സമീപിച്ച് ഖനനം ആരംഭിക്കാനാണ് ക്വാറി മാഫിയകളുടെ നീക്കമെന്ന് ഞങ്ങൾ സംശയിക്കുന്നു. ഇത്തരം നീക്കം നടന്നാൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം ഉയർത്തി കൊണ്ടുവരാൻ ഡി.വൈ.എഫ്.ഐ തയ്യാറാകും.

ഒരുപാട് പാരിസ്ഥിതിക പ്രത്യേകതയുള്ള കുന്നാണ് വടക്കാക്കുന്ന്-മരുത് കുന്ന് പ്രദേശം.ഇതിന്റെ താഴ് വാരത്തെ ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സാണ് ഈ കുന്ന്.

നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ടാങ്ക് ഇതിനടുത്ത് സ്ഥിതി ചെയ്യുന്നു. കനകപ്പള്ളി ഡി പോറസ് ചർച്ച്, കാരാട്ട് -തോടംചാൽ ക്ഷേത്രം, കാരാട്ട് ബദർ മസ്ജിദ്, കുളിപ്പാറ ഏകാധ്യാപക സ്കൂൾ, അംഗൻവാടി എന്നിവ ഈ കുന്നിൻ ചെരുവിലാണ് സ്ഥിതി ചെയ്യുന്നത്.വടക്കാക്കുന്നിന്റെ അമ്പത് മീറ്ററിനുളളിലായി ഭീമനടി ഫോറസ്റ്റും സ്ഥിതി ചെയ്യുന്നു.

       ജനകീയ സമരത്തെ കണ്ടില്ലെന്ന് നടിച്ച് കോടതിയെ സമീപിച്ച് ഖനന നീക്കം നടത്താൻ പുറപ്പെട്ടാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ബഹുജന പ്രക്ഷോഭം ഉയർത്തിക്കൊണ്ട് വരണമെന്നും വടക്കാക്കുന്ന് സംരക്ഷണ സമിതി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുവാനും ഡി.വൈ.എഫ്.ഐ പരപ്പ മേഖലാ കമ്മറ്റി തീരുമാനിച്ചു.കൂടാതെ വനം, ജലസേചനം, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു.

യോഗത്തിൽ മേഖലാ പ്രസിഡന്റ് അമൽ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗിരീഷ് കാരാട്ട്, സി.രതീഷ്, സ്വപന അനിൽ ,രാഹുൽ എന്നിവർ സംസാരിച്ചു

No comments