ഉല്ലാസാണ് സ്റ്റാർ... വിധിയെ പഴിച്ച് വീട്ടിലിരിക്കാതെ സ്വന്തം പ്രയത്നത്തിലൂടെ ജീവിതം നക്ഷത്രം പോലെ പ്രകാശിപ്പിക്കുകയാണ് കൂരാംകുണ്ടിലെ ഉല്ലാസ്
വെള്ളരിക്കുണ്ട്: (www.malayoramflash.com) അഞ്ച് വർഷം മുമ്പ് ഫെബ്രുവരിയിലെ ഒരു രാത്രിയാണ് ഉല്ലാസിൻ്റെ ജീവിതത്തിന് നേരെ വിധിയുടെ വാഹനം വന്നിടിക്കുന്നത്. ഗുരുതര പരിക്കേറ്റ് കിടന്ന ആശുപത്രി കിടക്കയിൽ നിന്നും മെല്ലെ കണ്ണ് തുറക്കുമ്പോൾ കാൽ മുറിച്ചു മാറ്റപ്പെട്ടുവെന്ന യാഥാർത്ഥ്യം ഉല്ലാസ് തിരിച്ചറിഞ്ഞു. പക്ഷെ പതറിയില്ല, മനോബലം കൈവരിച്ച് ജീവിതത്തെ പുഞ്ചിരിയോടെ നേരിട്ടു. വീട്ടിലെ വിശ്രമ കാലത്തിനിടയിലും ജീവിതം തിരിച്ച് പിടിക്കാനുള്ള തീരുമാനത്തോടെ വിധിയോട് പൊരുതി ജയിച്ചു. ഇന്നിപ്പോൾ കഴിഞ്ഞ നാല് വർഷമായി മലയോര മേഖലയിൽ എൽ.ഇ.ഡി ബൾബുകളും, സ്റ്റാറുകളും, ഡെക്കറേഷൻ ബൾബുകളും വിശ്വസ്തതയോടെ നിർമ്മിച്ച് നൽകുന്ന പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഉല്ലാസിൻ്റെ അച്ചൂസ് എന്ന കൊച്ചു സ്ഥാപനം. ഇത്തവണ ക്രിസ്തുമസ് സീസണിൽ രണ്ടായിരത്തോളം സ്റ്റാറുകൾ വിറ്റഴിക്കാൻ കഴിഞ്ഞുവെന്ന് ഉല്ലാസ് മലയോരംഫ്ലാഷിനോട് പറഞ്ഞു. 150 മുതൽ 450 രൂപവരെയാണ് എൽ.ഇ.ഡി സ്റ്റാറുകളുടെ വില.
വെള്ളരിക്കുണ്ടും പരിസര പ്രദേശങ്ങളിലുമുള്ള ചെറുകിട കച്ചവടക്കാരാണ് പ്രധാനമായും ഉല്ലാസിൻ്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്നത്. കൂടാതെ എൽ.ഇ.ഡി ചെയിൻ ബൾബുകൾ കൊണ്ട് അലങ്കാര പണികളും ചെയ്യുന്നുണ്ട്. ചുരുക്കത്തിൽ വെറുതെ ഇരിക്കാൻ ഉല്ലാസിന് സമയം കിട്ടാറില്ല. താൻ നിർമ്മിക്കുന്ന നക്ഷത്രങ്ങൾ ഓരോന്നായി പ്രകാശിക്കുന്നതോടൊപ്പം ജീവിതം കൂടുതൽ ഉല്ലാസഭരിതമാക്കി മുന്നോട്ട് കൊണ്ടുപോവുകയാണ് ഉല്ലാസ്.
🖋️ചന്ദ്രു വെള്ളരിക്കുണ്ട്
No comments