Breaking News

യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് നാട്ടിലെത്തിയ സന്തോഷത്തിൽ കാഞ്ഞങ്ങാട് കൂളിയങ്കാലിലെ അ​ഹ്റാ​സ്; കാ​ഞ്ഞ​ങ്ങാ​ട് നി​ന്നുള്ള ഒ​മ്പ​തു​പേ​ർ യു​ക്രെ​യ്നി​ൽ ഇനിയും കുടുങ്ങികിടക്കുന്നു


കാഞ്ഞങ്ങാട് കൂളിയങ്കാൽ സ്വദേശിയാണ് അഹ്റാസ്. ഈ മാസം 18നാണ് യുക്രെയ്നിലെ കാർകോവിൽ നിന്നും അഹ്റാസ് ദുബൈ വഴി നാട്ടിലെത്തിച്ചേർന്നത്. യുക്രെയ്നിലെ യുദ്ധാന്തരീക്ഷത്തിൽനിന്നും നാടണഞ്ഞതിൽ സന്തോഷത്തിലാണ് അഹ്റാസ്, ആദ്യമായി ദൈവത്തോട് നന്ദി പറയുകയാണ്. നാട്ടിലെത്തിച്ചേർന്നെങ്കിലും യുക്രെയ്നിലെയും യൂനിവേഴ്സിറ്റിയിലെയും റൂമിലെയും ഉറ്റ ചങ്ങാതിമാരെക്കുറിച്ച് മാത്രമാണ് മനസ്സിലിപ്പോഴുള്ളതെന്ന് അഹ്റാസ് പറയുന്നു. നാട്ടിലെത്തിയ അഹ്റാസ്, കുടുംബക്കാരെയും സുഹൃത്തുക്കളെയും വീണ്ടും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചു വെക്കുന്നില്ല, വി.എൻ കറാസിൻ കാർക്കിവ് നാഷനൽ യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് അഞ്ചാം വർഷ വിദ്യാർഥിയാണ് അഹ്റാസ്. നാട്ടിലെത്തിയ ഉടൻ കൊച്ചി സ്വദേശികളായ രണ്ട് സുഹൃത്തുക്കൾക്കുകൂടി ടിക്കറ്റെടുത്തുകൊടുത്ത് നാട്ടിലെത്തിച്ചതിന്റെ സന്തോഷം കൂടി അഹ്റാസിന് പറയാനുണ്ട്. ഷാർജയിലെത്തിയ കൊച്ചി സ്വദേശികൾ കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടിലെത്തി അഹ്റാസിനെ വിളിക്കുകയും ചെയ്തു. 55,000 രൂപക്കാണ് അഹ്റാസ് വിമാന ടിക്കറ്റെടുത്തത്. അതിപ്പോൾ ഒരുലക്ഷം കടന്നിട്ടുണ്ട്. ഉറ്റ സുഹൃത്തുക്കൾ കൂടുതൽ പേരും സംഘർഷ മേഖലയിൽനിന്ന് അകലെയാണെങ്കിലും യുദ്ധഭീതി എല്ലാവരിലുമുണ്ട്. ചിലർ താമസിക്കുന്ന ഹോസ്റ്റലിന് 15 കിലോമീറ്ററിനടുത്ത് മിസൈൽ വർഷിച്ചതായി ബുധനാഴ്ച സുഹൃത്തുക്കൾ അറിയിച്ചതായി അഹ്റാസ് പറഞ്ഞു. അടിയന്തരമായി നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസി മുഴുവൻ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടതോടെ വിമാന ടിക്കറ്റ് സംഘടിപ്പിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. റഷ്യൻ സൈന്യം രാജ്യം പിടിച്ചടക്കുമെന്ന് ഭയക്കുന്നവരും ഒന്നും സംഭവിക്കില്ലെന്ന് ശുഭാപ്തി വിശ്വാസമുള്ളവരും ഒരുപോലെ അവിടെയുണ്ട്. എല്ലാവർക്കും നല്ലത് വരണേയെന്ന് മാത്രമാണ് പ്രാർഥന. അങ്ങനെ തന്നെ സംഭവിക്കട്ടെയെന്ന് അഹ്റാസ് നിറകണ്ണുകളോടെ പറഞ്ഞു. കാസർകോട് ജില്ലയിൽ നിന്നുതന്നെ 400ന് മുകളിൽ വിദ്യാർഥികളുണ്ട്. കാഞ്ഞങ്ങാട്ടുനിന്ന് ഒമ്പതുപേർ യുക്രെയ്നിലുണ്ട്. നിലവിൽ ഒരു മാസത്തേക്ക് യുക്രെയ്നിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ രാജ്യത്തെ സാഹചര്യം എന്തായിരിക്കുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. യൂനിവേഴ്സിറ്റിയിലെ ക്ലാസുകൾ ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. സംഘർഷം അവസാനിക്കുംവരെ ഇതേനില തുടരേണ്ടി വരുമെന്നാണ് കരുതുന്നതെന്നും അഹ്റാസ് പറഞ്ഞു.

No comments