Breaking News

ഖനനാനുമതികൾ റദ്ദ് ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് ജനകീയ പിന്തുണ പ്രഖ്യാപിച്ച് വെള്ളരിക്കുണ്ട് വടക്കാകുന്നിൽ പ്രതിഷേധ സംഗമം


വെള്ളരിക്കുണ്ട്: വടക്കാകുന്ന്-മരുതുകുന്ന് ഭാഗങ്ങളിലെ വൻകിട ഖനനാനുമതികളുമായി ബന്ധപ്പെട്ട് ഖനന മാഫിയകളും ബളാൽ പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിലൂടെയുള്ള വെളിപ്പെടുത്തലുകളെ കുറിച്ച് ഉന്നതതല അന്വേഷണവും നിയമ ലംഘനങ്ങളിലൂടെ അനുമതികൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടികളും ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ ആരാധനാലയങ്ങൾ, ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ, കുടുംബശ്രീ പുരുഷ സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പണം നൽകി സ്വാധീനിക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നിരിക്കെ പലരെയും സാമ്പത്തികമായി സ്വാധീനിച്ച് നിയമ ലംഘനങ്ങളിലൂടെയാണ് ഖനനാനുമതികൾ നേടിയതെന്നും, പലരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നുമുള്ള ഖനന മാഫിയകളുടെ വെളിപ്പെടുത്തൽ പുറത്തു വിട്ട ഉദ്യോഗസ്ഥനെതിരെ നടപടികൾ സ്വീകരിച്ചതുകൊണ്ടൊ സ്ഥലം മാറ്റിയതുകൊണ്ടൊ യാഥാർത്ഥ്യങ്ങൾ മൂടി വെക്കാനാവില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ഉന്നതതല അന്വേഷണത്തിലൂടെ നിയമ നടപടികൾ സ്വീകരിച്ച് ഖനനാനുമതികൾ റദ്ദ് ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത ഏവരും പൂർണ്ണ പിൻതുണ പ്രഖ്യാപിച്ചു. കാരാട്ട് ശ്രീചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാനം, കാരാട്ട് ബദർ മസ്ജിദ്, കിനൂർ കരിന്തളം ആറാം വാർഡ്,ഒൻപതാം വാർഡ് കുടുംബശ്രീ എ.ഡി.എസ്, കാരട്ട് ചാലഞ്ചേഴ്സ് ക്ലബ്ബ്, തോടൻചാൽ സിറ്റിസൺ ക്ലബ്ബ്, വിവിധ സ്വാശ്രയ സംഘങ്ങൾ,തുടങ്ങിയവയുടെ ഭാരവാഹികൾ യോഗത്തിൽ  സംസാരിച്ചു.

No comments