Breaking News

നാലിടത്ത് ബിജെപി; പഞ്ചാബ് തൂത്തുവാരി ആംആദ്മി; കോട്ട തകർന്ന് കോൺഗ്രസ്




തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ഉജ്വല വിജയം നേടി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മുന്നിലുള്ളത്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്. ( five states election update )


ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രമെഴുതിക്കൊണ്ട് ഭരണത്തുടർന്ന സ്വന്തമാക്കി. 266 ഇടത്താണ് ബിജെപി യുപിയിൽ മുന്നേറുന്നത്. എസ്പി 132 സീറ്റിലും, കോൺഗ്രസ് രണ്ടിടത്തും മുന്നേറുകയാണ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ 47 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. 40 സീറ്റുകളുള്ള ഗോവയിൽ ബിജെപിക്ക് ഇരുപതിടത്താണ് ലീഡ്. കോൺഗ്രസ് 12 ഇടത്താണ് ലീഡ് നിലനിർത്തുന്നത്. ആം ആദ്മി രണ്ടിടത്തും മുന്നേറുന്നു. അറുപത് സീറ്റുള്ള മണിപ്പൂരിൽ ബിജെപി 28 ഇടത്ത് മുന്നേറുകയാണ്. കോൺഗ്രസ് 9 ഇടത്തും ലീഡ് നിലനിർത്തി.

പഞ്ചാബിൽ 92 ഇടത്ത് ലീഡ് നിലനിർത്തി ആം ആദ്മി വലിയ ആധിപത്യം നേടി. കോൺഗ്രസ് 18 ഇടത്തും, ബിജെപി രണ്ടിടത്തും, ശിരോമണി അകാലിദൾ നാലിടത്തും ലീഡ് പിടിച്ചു.



കോൺഗ്രസിന്റെ പരമ്പരാഗത കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെ തേരോട്ടമാണ് നടന്നത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ മണ്ഡലത്തിൽ പിന്നിലാണ്.

1952 മുതൽ കോൺഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ൽ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയിൽ നിന്ന് വിജയിച്ചത്. എന്നാൽ 2022ൽ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തിൽ കാണുന്നത്. കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥിയായ അദിതി സിംഗ്. 2007 ലും 2012 ലും കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് മത്സരിച്ച് ജയിച്ച വ്യക്തിയാണ് അഖിലേഷ് സിംഗ്.

2017 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അദിതി സിംഗ് 1,28,319 വോട്ടുകൾക്കാണ് അന്ന് റായ്ബറേലിയിൽ നിന്ന് വിജയിച്ചത്. തൊട്ടടുട്ട തെരഞ്ഞെടുപ്പിൽ എതിർപാർട്ടിക്ക് വേണ്ടി അതേ മണ്ഡലത്തിൽ നിന്ന് തന്നെയാണ് അദിതി സിംഗ് ജനവിധി തേടുന്നത്. 2021 നവംബർ 25നാണ് അദിതി ബിജെപിയിൽ ചേരുന്നത്.

കർഷക സമരങ്ങൾക്ക് ചുക്കാൻ പിടിച്ച മണ്ഡലങ്ങളിലും ബിജെപിക്ക് കാലിടറിയില്ല എന്നത് അമ്പരപ്പിക്കുന്നതാണ്.

No comments