Breaking News

20 വർഷത്തെ സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തിയ ഭീമനടി നമ്പിക്കുണ്ടത്തെ ചഞ്ചലിനും, സതീഷിനും അപ്രതീക്ഷിത സ്വീകരണമൊരുക്കി അയൽവാസികൾ


ഭീമനടി: ( www.malayoramflash.com ) ഇരുപത് വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഭീമനടി നമ്പിക്കുണ്ടത്തെ ചഞ്ചലിനും, സതീഷിനും ജന്മനാട് ഒരുക്കിയത് ഗംഭീര വരവേൽപ്പ്. അയൽവാസികളിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ സ്വീകരണത്തിൽ സന്തോഷത്താൽ കണ്ണ് നനഞ്ഞ് ചഞ്ചലും സതീഷും. സ്വന്തം വീട്ടുമുറ്റത്ത് ലഭിക്കുന്ന ആദരവ് ഇതാദ്യം. പ്രമുഖരും പ്രതിഭകളുമായ പലർക്കും നമ്മൾ സ്വീകരണവും അനുമോദവും നൽകാറുണ്ടെങ്കിലും രാജ്യത്തിന് വേണ്ടി ജീവിതത്തിൻ്റെ യൗവ്വനം മുഴുവൻ സേവനം ചെയ്ത് തിരിച്ചെത്തുന്ന ധീര സൈനികരെ നമ്മൾ ആരും തന്നെ വേണ്ടത്ര ഗൗനിക്കാറില്ല. ഈ സാഹചര്യത്തിലാണ് വെസ്റ്റ്എളേരി ഭീമനടി നമ്പിക്കുണ്ടം നിവാസികൾ ഒത്തുചേർന്ന് നാട്ടിൽ തിരിച്ചെത്തിയ സൈനിക സഹോരങ്ങൾക്ക് വമ്പൻ സ്വീകരണം നൽകിയത്. തിരിച്ചു വരുന്ന വഴി നാട്ടിൽ സ്വീകരണം ഒരുക്കിയിട്ടുണ്ടെന്ന സൂചന പോലും നൽകാതെയാണ് ചഞ്ചലിനേയും സതീഷിനേയും അയൽവാസികൾ ഞെട്ടിച്ചത്. ബാൻ്റ്സെറ്റ്, ഫ്ലക്സ് ബോർഡ്, വെടിക്കെട്ട്, പൂത്തിരി, പൂഞ്ചെണ്ട്, ഉപഹാരം.. തുടങ്ങി അങ്ങേയറ്റത്തെ ആവേശോജ്വലവും ഏറെ  ബഹുമതികളും നൽകിക്കൊണ്ടാണ് നമ്പിക്കുണ്ടം നിവാസികൾ സൈനികരെ വരവേറ്റത്. കാശ്മീർ, ത്രിപുര തുടങ്ങി രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ ബി എസ് എഫ് ജവാനായി സേവനമനുഷ്ഠിച്ച ശേഷമാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്.  സൈനികർക്ക് കൊടുത്ത ആദരം അക്ഷരാർത്ഥത്തിൽ രാജ്യത്തിന് നൽകിയ ആദരവായി മാറി. മലയോരംഫ്ലാഷ്


റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

ഡിസൈൻ: ഹരികൃഷ്ണൻ








No comments