Breaking News

കളക്ടർ റെയ്ഡ് നടത്തി വിലക്കയറ്റം തടയാൻ കർശന നടപടി ; ജില്ലയിൽ പരിശോധന വ്യാപകമാക്കും


കാസര്‍കോട് നഗരത്തിലെ കടകളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, വിലക്കയറ്റം എന്നിവ കര്‍ശനമായി തടയുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. അനിയന്ത്രിതമായ വിലവര്‍ദ്ധനവ് പൊതുമാര്‍ക്കറ്റില്‍ അനുവദിക്കാനാകില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ പരിശോധന വ്യാപകമാക്കും.

പലവ്യഞ്ജന കടകള്‍, പച്ചക്കറി കടകള്‍, ഇറച്ചിക്കടകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ടൗണിലെ ചില കടകളില്‍ ഉള്ളിയ്ക്ക് 22 രൂപ, 26 രൂപ എന്നിങ്ങനെ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. കളക്ടര്‍ കയ്യോടെ പിടികൂടിയ കടക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് കളക്ടര്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കി. പരിശോധന ശക്തമാക്കുന്നതിനായി എല്ലായിടങ്ങളിലും സംയുക്ത സ്‌ക്വാഡുകള്‍ രൂപീകരിക്കും.

ജില്ലാ സപ്ലൈ ഓഫീസര്‍ കെ പി അനില്‍കുമാര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ കെ എന്‍ ബിന്ദു, സജികുമാര്‍, എം ജയപ്രകാശ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എസ് ബിന്ദു,  പി വി ശ്രീനിവാസ് , ടി രാധാകൃഷ്ണന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. താലൂക്ക് തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന തുടര്‍ച്ചയായി നടത്താന്‍ ജില്ലാ കളക്ടര്‍ ജില്ലാ സപ്ലെ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈസ്റ്റര്‍ റംസാന്‍, വിഷു, ആഘോഷ വേളകളില്‍ പൊതു കമ്പോളത്തില്‍ അമിത വില വര്‍ധനവ് കര്‍ശനമായി നിയന്ത്രിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഈസ്റ്റര്‍, വിഷു, റംസാന്‍ എന്നിവ അടുത്ത സാഹചര്യത്തില്‍ എല്ലാ കടകളിലും പരിശോധന കര്‍ശനമാക്കണമെന്ന ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും പരിശോധന ആരംഭിച്ചത്.

No comments