Breaking News

വാഹനം ഓടിക്കുന്നവർ കരുതിയിരിക്കുക, ജില്ലയിലും അത്യാധുനീക നിരീക്ഷണ ക്യാമറയെത്തി


 


വാഹനങ്ങളുടെ മിക്ക നിയമലംഘനങ്ങളും കയ്യോടെ പിടികൂടാന്‍ അത്യാധുനിക ക്യാമറകളുമായി മോടോര്‍ വാഹന വകുപ്പ്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കാസര്‍കോട്ടെ 47 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യഘട്ടമായി 16 എണ്ണം പ്രധാന പ്രദേശങ്ങളില്‍ സ്ഥാപിച്ച് കഴിഞ്ഞു. വാഹനങ്ങള്‍ക്കകത്തെ ദൃശ്യങ്ങള്‍ വരെ ഒപ്പിയെടുക്കാന്‍ ഈ ക്യാമറയ്ക്കാവും. മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കണ്‍ട്രോള്‍റൂം മുഖേനയാണ് ക്യാമറകള്‍ നിയന്ത്രിക്കുന്നത്. 800 മീറ്റര്‍ പരിധിയിലുള്ള ദൃശ്യങ്ങള്‍ വരെ പകര്‍ത്താനാവും. ഹെല്‍മെറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍, അശ്രദ്ധമായി വണ്ടി ഓടിക്കുന്നവര്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ ക്യാമറ പകര്‍ത്തുമെന്ന് കാസര്‍കോട് കണ്‍ട്രോള്‍ റൂം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എസ് വിജയകുമാര്‍ പറഞ്ഞു. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തപാല്‍ മുഖേന നോട്ടീസ് നല്‍കും. പിഴയടക്കേണ്ടത് ഉള്‍പ്പെടെ മറ്റ് നിയമനടപടികള്‍ നേരിടേണ്ടിയും വരും. 18 വയസിന് താഴെയുള്ള കുട്ടികള്‍ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാല്‍ വാഹന ഉടമയെ കോടതിയിലും കുട്ടിയെ ജുവൈനല്‍ കോടതിയിലും പ്രോസിക്യൂട്ട് ചെയ്യുമെന്നും എവിഐ അറിയിച്ചു. വാഹന ഉടമയ്ക്ക് 25000 രൂപ പിഴയും ഒരു ദിവസം കോടതി തീരുന്നത് വരെ അവിടെ നില്‍ക്കാനും ശിക്ഷ നല്‍കും. കുട്ടിക്കെതിരെയും നടപടി സ്വീകരിക്കും. 18 വയസില്‍ ലൈസന്‍സ് ലഭിക്കാത്ത അവസ്ഥ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ സ്ഥാപിക്കുന്ന പോസ്റ്റില്‍ തന്നെ സോളാര്‍ പാനലുമുണ്ടാകും. ട്രാഫിക് സിഗ്‌നലുകള്‍, എല്‍ഇഡി സൈന്‍ ബോര്‍ഡുകള്‍, ടൈമറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ നിരീക്ഷണ ക്യാമറകള്‍. വയര്‍ലെസ് ക്യാമറകളായതിനാല്‍ ഇടയ്ക്കിടെ എടുത്തുമാറ്റാനും സാധിക്കും. വൈദ്യുതി മുടക്കവും പ്രവര്‍ത്തനത്തെ ബാധിക്കില്ല. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കെല്‍ട്രോണാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സജ്ജമാക്കുന്നത്.

No comments