Breaking News

രണ്ട് വർഷത്തിനുളളിൽ വാഹനാപകടങ്ങൾ നേർ പകുതിയാക്കണം; കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം


തിരുവനന്തപുരം: രണ്ട് വർഷത്തിനുളളിൽ കേരളത്തിൽ വാഹനാപകടങ്ങൾ നേർ പകുതിയായി കുറയ്ക്കണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശം. സംസ്ഥാനത്തെ പ്രധാന റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സ്ഥാപിക്കുന്നത് വാഹനങ്ങളുടെ അമിത വേഗത്തിന് തടയിട്ട് അപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്. 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുന്നതിനുളള നടപടികൾ ഏപ്രിൽ ഒന്ന് മുതൽ മോട്ടോർവാഹനവകുപ്പ് ആരംഭിച്ചു. ആകെ 225 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിലൂടെ ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്തി സോഫ്റ്റ്‌വെയർ തന്നെ പിഴയിടുന്ന രീതി വരുന്നതോടെ നിയമം കർശനമാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ നേരിട്ടു കേന്ദ്രസർക്കാരിന്റെ സെർവറിലേക്കു എത്തും. അവിടെനിന്നു പിഴയടയ്ക്കേണ്ട വിവരം വാഹന ഉടമയ്ക്ക് എസ്എംഎസ് ആയി എത്തുമ്പോൾ തന്നെ പ്രത്യേക കോടതിയിലേക്കും ചെല്ലും. അതിനാൽ ഇനിമുതൽ പിഴ ഒഴിവാക്കാൻ ശുപാർശയോ മറ്റോ മാർഗങ്ങളോ സാധ്യമല്ലെന്ന് ചുരുക്കം.

നിലവിലെ കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഒരു വർഷം നാലായിരത്തിലധികം അപകട മരണങ്ങൾ സംഭവിക്കുന്നുണ്ട്. അമിത വേഗം മൂലമാണ് അധികവും അപകടങ്ങൾ ഉണ്ടാകുന്നത്. 2014ൽ പുറത്തിറക്കിയ ഉത്തരവിലെ വേഗ നിയമമാണ് കേരളത്തിൽ പിന്തുടരുന്നത്. സ്കൂളുകൾക്കു സമീപം എല്ലാ വാഹനങ്ങളുടെയും വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്.ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ ഉപയോഗം, വ്യാജ നംബർ, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിൾ ഉപയോഗം തുടങ്ങിയവയെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ വ്യക്തമായി പതിയും. വ്യക്തമായ ചിത്രങ്ങളോടെയായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകൾക്ക് സന്ദേശം ലഭിക്കുക.


No comments