Breaking News

മടിക്കൈ എരിക്കുളത്തെ മൺപാത്രം വിഷു പ്രതീക്ഷയിൽ പഴയകാലത്ത് കിഴക്ക് മാലോം മുതൽ തെക്ക് ഏഴിമല വരെ തലച്ചുമടായി കലമെത്തിച്ചവരാണ് എരിക്കുളത്തുകാർ


മടിക്കൈ : കാലവും കോവിഡും തകർത്ത എരിക്കുളത്തെ മൺപാത്ര നിർമാണം വീണ്ടും സജീവമായി. ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രപരിസരത്തെ 181 കുടുംബങ്ങളിൽ ഭൂരിഭാ​ഗവും കണിയൊരുക്കാനുള്ള കലം നിർമിക്കുന്ന തിരക്കിലാണ്. പഴയകാലത്ത് കിഴക്ക് മാലോം മുതൽ തെക്ക് ഏഴിമല വരെ തലച്ചുമടായി കലമെത്തിച്ചവരാണ് എരിക്കുളത്തെ കുശവർ. ദിവസങ്ങൾ കഴിഞ്ഞേ മടങ്ങാറുള്ളൂയെന്ന് ദമ്പതികളായ വി പി ​ഗം​ഗാധരനും കെ സാവിത്രിയും പറഞ്ഞു.
യുവാക്കൾ മടി കാട്ടുന്നുണ്ടെങ്കിലും വിഷുക്കാലത്ത് എല്ലാവരും കുടുംബസമേതം കുലത്തൊഴിലിനിറങ്ങിയിട്ടുണ്ട്. ഒരാൾക്ക് മാത്രമായി ചെയ്യാൻ കഴിയാത്ത മൺപാത്ര നിർമാണം കൂട്ടായ്മയുടെ പ്രതീകമാണ്. വിഷുപിറ്റേന്ന് മുതൽ വയലിൽ നിന്ന് കളിമണ്ണ് ശേഖരിച്ചാണ് പാത്രങ്ങൾ നിർമിക്കുക. ചുട്ടെടുക്കാനുള്ള ആലകളൊക്കെ ഓരോ വീട്ടുകാർക്കും ഉണ്ടാകും. നൂറുകണക്കിന് പാത്രങ്ങളാണ് ഇവയിൽ അടുക്കി വെക്കുക. യന്ത്രസഹായം ലഭിച്ചതോടെ പണി എളുപ്പമായിട്ടുണ്ട്. ശ്രദ്ധപാളിയാൽ കലം പൊട്ടും.
40 വർഷം മുമ്പ്‌ സ്‌ത്രീകളുടെ കൂട്ടായ്മയിൽ പൂച്ചെടി നിർമാണ സംഘങ്ങൾ എരിക്കുളത്ത് തുടങ്ങിയിരുന്നു. ഒരുകൈ സഹായമുണ്ടായാൽ മൺപാത്ര നിർമാണത്തിന്റെ പ്രതാപം വീണ്ടെടുക്കാമെന്ന്‌ പൊതുപ്രവർത്തകനായ ദാമോദരൻ പറഞ്ഞു. ടൂറിസവുമായി ബന്ധിപ്പിച്ചാൽ എരിക്കുളവും മൺപാത്രവും ശ്രദ്ധേയമാകും.


No comments