Breaking News

മലയോരത്തിൻ്റെ മഹോത്സവം 'തളിര്2022' മാലോം ഫെസ്റ്റിന് നാളെ തുടക്കം


 

വെള്ളരിക്കുണ്ട്: മാലോം മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാലോത്തു വച്ച് നടത്തുന്ന മൂന്നാമത് തളിർ 2022 മാലോം ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 ന് വെള്ളിയാഴ്ച്ച വൈകിട്ട് 6-ന് സംഘാടക സമിതി ചെയർമാൻ രാജു കട്ടക്കയം ഫ്ലാഗ് ഓഫ് ചെയ്യുന്ന ഘോഷയാത്രയോടെ ആരംഭിക്കും. തുടർന്ന് മലോം ജോർജ് മുത്തോലി നഗറിലെ പ്രദർശന നഗരി തറക്കലും ഉദ്ഘാടനവും ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫ് നിർവഹിക്കും. കാർഷിക നടീൽ വസ്തു പ്രദർശനം, ഫ്ലവർ ഷോ, അക്വാഷോ, പെറ്റ് ഷോ തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ വർഷം മേള നടത്തുന്നത്. പ്രവേശനം സൗജന്യമാണ്. കാസർഗോഡിന്റെ അഭിമാനസ്തംഭം ബേക്കൽ കോട്ടയെ അനുസ്മരിക്കുന്ന പ്രവേശനകവാടവും വിവിധ കാർഷിക വ്യവസായിക ഡമോൺസ്ട്രേഷൻ സ്റ്റാളുകളും മേളയിൽ ഒരുക്കിയിരിക്കുന്നു. ഏപ്രിൽ 24ന് മേള സമാപിക്കും.
അബാലവൃദ്ധം ജനങ്ങൾക്കും ഉല്ലാസം പകരാൻ പര്യാപ്തമായ അമ്യൂസ്മെന്റ് പാർക്കും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വിവിധ കലാസാംസ്ക്കാരിക പരിപാടികളും അരങ്ങേറും.
ഘോഷയാത്ര നടക്കുന്നതിനാൽ ഏപ്രിൽ 8 ന് മാലോം ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. വെള്ളരിക്കുണ്ടിൽ നിന്നും കൊന്നക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നാട്ടക്കൽ മോതിരക്കുന്ന് വഴി വള്ളിക്കടവ് തിരിഞ്ഞ് പോകണം. കൊന്നക്കാട് നിന്നും വരുന്ന വാഹനങ്ങളും ഇതേ രീതിയിൽ സഹകരിക്കണമെന്നും വെള്ളിയാഴ്ച്ച വൈകിട്ട് 6 മുതൽ രാത്രി 10 മണി വരെ മാത്രമെ നിയന്ത്രണം ഉണ്ടാവുകയുള്ളു എന്നും സംഘാടകർ അറിയിച്ചു.


രാജു കട്ടക്കയം, എം.രാധാമണി, ഷോബി ജോസഫ്, ആഡ്രൂസ് വട്ടക്കുന്നേൽ, അബ്ദുൾ ഖാദർ, കെ.ആർ ബിനു, മധു കൊടിയംകുണ്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

No comments