Breaking News

'ഓഫീസിൽ ഗ്രൂപ്പിസം, തൊഴിൽ അന്തരീക്ഷം മോശം; ജീവനൊടുക്കും മുമ്പ് സിന്ധു ആർടിഒയെ പരാതി അറിയിച്ചിരുന്നു


വയനാട്: മാനന്തവാടി സബ് ആര്‍ടിഒ ഓഫീസ് ജീവനക്കാരി സിന്ധു ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തല്‍. സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി സിന്ധുവടങ്ങുന്ന 5 ഉദ്യോഗസ്ഥര്‍ മൂന്ന് ദിവസം മുന്‍പ് വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ടതായി കണ്ടെത്തി. മാനന്തവാടി ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണം എന്നാവശ്യപ്പെട്ടാണ് സിന്ധു അടങ്ങുന്ന സംഘം ആര്‍ടിഒയെ കണ്ടത്. ഓഫീസില്‍ ഗ്രൂപ്പിസമുണ്ടെന്ന് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.

എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒയുടെ വിശദീകരണം. സിന്ധുസഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയും പറഞ്ഞു.മാനന്തവാടി സബ് ആര്‍ടിഒ ഓഫീസ് സീനിയര്‍ ക്ലര്‍ക്കായ സിന്ധുവിനെ ഇന്നലെയാണ് വീട്ടില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സിന്ധുവിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഓഫീസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ട് നില്‍ക്കാത്തതിനാല്‍ ഇദ്യോഗസ്ഥര്‍ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്നാണ് സിന്ധു ആത്മഹത്യ ചെയ്തതെന്നായിരുന്നു സഹോദരന്റെ ആരോപണം. ഒറ്റപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നതായി സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരന്‍ പറഞ്ഞിരുന്നു.


No comments