Breaking News

പഞ്ചാബിൽ 300 യൂണിറ്റ് സൗജന്യ വൈദ്യുതി; ഡൽഹിയിലേക്കാൾ നൂറ് കൂട്ടി, പ്രകടനപത്രികയിലെ വാക്ക് പാലിച്ച് എഎപി


ചണ്ഡിഗഡ്: പഞ്ചാബില്‍ ജൂലൈ ഒന്നു മുതല്‍ 300 യൂണിറ്റ് വൈദ്യൂതി സൗജന്യമായി നല്‍കുമെന്ന് ആം ആദ്മിസര്‍ക്കാര്‍. ഭഗവന്ത് മന്‍ സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുമ്പോഴാണ് ഈ പ്രഖ്യാപനം. ' ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. പഞ്ചാബിലെ ജനങ്ങള്‍ക്കായി ശുഭ വാര്‍ത്തയുണ്ട്. ' ഭഗവന്ത് മന്‍ ട്വീറ്റ് ചെയ്തു. ഗാര്‍ഹീക ആവശ്യങ്ങള്‍ക്കായി 300യൂണിറ്റ് സൗജന്യ വൈദ്യുതിയെന്നത് ആം ആദ്മിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

''വൈദ്യുതി ഉത്പാദനത്തിലുണ്ടാകുന്ന മാറ്റം ജനങ്ങളെ ദോഷമായി ബാധിക്കുന്നു. സാധാരണക്കാര്‍ക്ക് തെറ്റായ ബില്ലുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഇതുമൂലം ഇരുട്ടില്‍ കഴിയുന്ന അവസ്ഥായാണ്. ആംആദ്മി ഈ അവസ്ഥയില്‍ മാറ്റം കൊണ്ടുവരുമെന്ന് വാക്ക് നല്‍കുന്നു'' അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കിവരുന്നുണ്ട്.'റേഷന്‍ വീട്ടുപടിക്കല്‍' എന്ന പദ്ധതി കഴിഞ്ഞ മാസമാണ് ഭഗവന്ത് മന്‍ പ്രഖ്യാപിച്ചത്. പ്രകടന പത്രികയില്‍ ഈ പദ്ധതിയും പ്രധാനപ്പെട്ടതായിരുന്നു. ചുമതലയേറ്റ് മാര്‍ച്ച് 19ന് ചേര്‍ന്ന ആദ്യ കാബിനറ്റ് മീറ്റിങ്ങില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തീരുമാനിച്ചിരുന്നു. ഇതില്‍ 10,000 അവസരങ്ങള്‍ പൊലീസ് വകുപ്പിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

കഴിഞ്ഞമാസം നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളില്‍ 92 സീറ്റുകള്‍ നേടിയാണ് ആംആദ്മി ഭരണം പിടിച്ചെടുത്തത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് 18 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.

No comments