Breaking News

റഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി, കാസർകോട് ജില്ലക്കാർ ഉൾപ്പെടെ നിരവധി പേർ നാട്ടിലേക്ക് വരാനാവാതെ കുടുങ്ങിക്കിടക്കുന്നു




കാഞ്ഞങ്ങാട്, 30,000 രൂപമുതല്‍ 60,000 രൂപവരെ തുടക്കത്തില്‍ ശമ്ബളം ലഭിക്കുമെന്ന് വാഗ്ധാനം ചെയ്ത് നിരവധി പേരെ തട്ടിപ്പ് സംഘം റഷ്യ യിലേക്ക് കടത്തി എന്നാണ് വിവരം, റഷ്യയില്‍ ജോലി തട്ടിപ്പിനിരയായ നിരവധി മലയാളികള്‍ നാട്ടിലേക്ക് വരാനാവാതെ റഷ്യയുടെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

നാട്ടിലെത്തിയ തൃക്കരിപ്പൂര്‍ വൈക്കത്ത് സ്വദേശികളായ രഞ്ചിത്ത്, ബിനീഷ് കുമാര്‍, എം.കെ മധു എന്നിവരാണ് ഞെട്ടിപ്പിക്കുന്ന വിവരം പങ്കുവച്ചത്. ഇവര്‍ രാമന്തളി സ്വദേശി ഉമേശന്‍, എറണാകുളം സ്വദേശി ഷൈന്‍ സുരേഷ് എന്നിവര്‍ക്കെതിരേ ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ച രാവിലെ നാട്ടിലെത്തിയ നടക്കാവ് സ്വദേശിയും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. റഷ്യ, തുര്‍ക്കി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസ വാഗ്ദാനം നടത്തിയാണ് ഇവരെ തട്ടിപ്പിനിരയാക്കിയത്. അഞ്ചുലക്ഷം മുതല്‍ എട്ടുലക്ഷം വരെ പണം വാങ്ങിയാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള സംഘം തട്ടിപ്പ് നടത്തുന്നത്.

വ്യാജ രേഖകള്‍ കാട്ടി റഷ്യയില്‍ സര്‍ക്കാര്‍ സ്വകാര്യ കമ്ബനികളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ഇരയാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഇവര്‍ വിസക്ക് പണം നല്‍കിയത്. ബാങ്ക് മുഖേനയും നേരിട്ടും പണം നല്‍കുകയായിരുന്നു. നവംബര്‍ രണ്ടിന് ഡല്‍ഹി വഴി റഷ്യയിലേക്ക് എത്തിയ ഇവര്‍ക്ക് വിമാനത്താവളത്തില്‍ കൂട്ടികൊണ്ടുപോകാന്‍ ആളുകളോ താമസിക്കാന്‍ മുറിയോ നല്‍കിയില്ലെന്ന് ബിനീഷ് പറയുന്നു,

നാല് പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഓരോരുത്തരില്‍ നിന്നും മൂന്നര ലക്ഷത്തില്‍ അധികം രൂപയില്‍ അധികമാണ് തട്ടിയെടുത്തത്. കൊച്ചിയിലെ ഷൈന്‍ സുരേഷ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിച്ചത്. രാമന്തളി സ്വദേശി ഉമേഷ് കുമാര്‍ എന്നയാളാണ് ഇടനിലക്കാരന്‍. റഷ്യയില്‍ എത്തിച്ച്‌ വിസ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോര്‍ച്ചുഗലിലേക്ക് പോകാമെന്നായിരുന്നു നിര്‍ദേശം. റഷ്യയില്‍ എത്തിയ ശേഷമാണ് തങ്ങള്‍ പറ്റിക്കപ്പെട്ടതായി യുവാക്കള്‍ മനസിലാക്കുന്നത്..

റഷ്യയില്‍ എത്തിയാല്‍ അവിടെ എല്ലാ സൗകര്യവും ചെയ്തു നല്‍കുന്നതിനു ആളുണ്ടെന്നും അവിടെ നിന്നു നിയമപരമായി പോര്‍ച്ചുഗലില്‍ കൊണ്ടു പോയി തൊഴില്‍ ഏര്‍പ്പാടാക്കുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. കൂടാതെ വിശ്വസിപ്പിക്കാന്‍ രാമന്തളി സ്വദേശിയായ ഏജന്റ് മരുമകനെയും ഇവര്‍ക്കൊപ്പം റഷ്യയിലേക്ക് വിട്ടിരുന്നു, വിസയുടെ കാലാവധി അവസാനിക്കുകയും റഷ്യയില്‍ തുടരാന്‍ സാധിക്കാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ സഹായത്തില്‍ നാട്ടില്‍ തിരികെയെത്തുകയായിരുന്നു ഇവര്‍.

പൊലീസില്‍ പരാതിപ്പെട്ടാല്‍ തങ്ങളെ ഒന്നും ചെയ്യാനാവില്ലെന്നാണ് സംഘത്തിലവന്റെ ഭീഷണി. ഇതുകാരണം പലരും പൊലീസില്‍ പരാതിനല്‍കാനും മടിക്കുകയാണ്. നിരവധി മലയാളികള്‍ ഈ സംഘത്തിന്റെ തട്ടിപ്പിനിരയായി അവിടെ കുടങ്ങിക്കിടക്കുന്നുവെന്നും അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ പറയുന്നു.

No comments