Breaking News

മാധ്യമപ്രവർത്തക ശ്രുതിയുടെ ആത്മഹത്യ : ബംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു




മലയാളി മാധ്യമപ്രവർത്തകയായിരുന്ന കാസർഗോഡ് സ്വദേശിനി ശ്രുതിയുടെ ആത്മഹത്യയിൽ ബംഗളൂരു പൊലീസിന്റെ അന്വേഷണം ഇഴയുന്നു. ഒളിവിൽപോയ ഭർത്താവ് കണ്ണൂർ ചുഴലി സ്വദേശിയായ അനീഷിനെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചില്ല. കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു.


കഴിഞ്ഞ മാസം ഇരുപതിനാണ് റോയിട്ടേഴ്‌സ് സീനിയർ എഡിറ്ററായ ശ്രുതിയെ ബംഗളൂരുവിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി ശ്രുതിയുടെ ബന്ധുക്കൾ രംഗത്തുവന്നിരുന്നു. അതിനെ സാധൂകരിക്കുന്ന ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാൽ സംഭവം നടന്ന് രണ്ടാഴ്ച്ച പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്. ഒളിവിൽപോയ അനീഷിനായി ബെംഗളൂരു പൊലീസ് കേരളത്തിലുൾപ്പടെ എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേ സമയം ശ്രുതിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് ജില്ലയിലെ എം.എൽ.എമാരുടെ നേതൃത്വത്തിൽ കർമ സമിതി രൂപീകരിച്ചു.



വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ, ഭർത്താവ് അനീഷ് നിരന്തരമായി ശാരീരികമായും, മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതാണ് ആത്മഹത്യയിൽ കലാശിക്കാൻ കാരണമായതെന്നും ബന്ധുക്കൾ പറയുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനൊരുങ്ങുകയാണ് കർമ സമിതി.

No comments