Breaking News

ശ്രീലങ്കയിൽ നിന്ന് വിണ്ടും അഭയാർത്ഥികളെത്തി; 'നാട് വിട്ടത് പട്ടിണി സഹിക്കാൻ കഴിയാതെയെന്ന് നാലംഗ കുടുംബം'


രാമേശ്വരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വീണ്ടും അഭയാര്‍ത്ഥികളെത്തി. നാലംഗ കുടുംബമാണ് തലൈമാന്നാറില്‍ നിന്നും രാമേശ്വരം ധനുഷ്‌കോടി തീരത്തെത്തിയത്. സ്പീഡ് ബോട്ടിലാണ് ഇവര്‍ ഇന്ത്യന്‍ തീരത്തേക്ക് യാത്ര ചെയ്തത്. രണ്ടുവയസുകാരനും പെൺകുട്ടിയും ഉള്‍പ്പെട്ട കുടുംബമാണ് ഇന്ത്യയിലെത്തിയത്. ഇവരെ മണ്ഡപം ക്യാപിലേക്ക് മാറ്റും. പട്ടിണി സഹിക്കാനാവാതെയാണ് ശ്രീലങ്ക വിട്ടത് എന്നായിരുന്നു ഇന്ത്യയിലെത്തിയ കുടുംബത്തിലെ പുരുഷന്റെ പ്രതികരണം. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ശ്രീലങ്കയില്‍ എന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. ജാഫ്‌ന സ്വദേശികളാണ് ഇന്ത്യയിലെത്തിയ ആന്റണിയും കുടുംബവും. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ഇന്ധന ക്ഷാമം ഉള്‍പ്പെയുള്ള കാരണങ്ങളാലും ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്തെന്നും ആന്റണി പറയുന്നു.

മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ മറ്റ് ജോലികള്‍ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ കറന്റുള്‍പ്പെടെ ഇല്ലാത്ത അവസ്ഥയായതിനാല്‍ ജീവിതം പ്രതിസന്ധിയിലാവുകയും നാട് വിടാന്‍ തയ്യാറാവുകയുമായിരുന്നു. തലെമാന്നാറില്‍ നിന്ന് മത്സ്യബന്ധന ബോട്ടിലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ച 4.40 ഒാടെ തമിഴ്‌നാട് തീരത്ത് എത്തി. തീരത്തെ തുരുത്തില്‍ നിന്നും രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് തീരദേശ പൊലീസ് കുടുംബത്തെ കസ്റ്റഡിലെടുത്ത് തീരത്തേത്ത് എത്തിക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജറാക്കിയ ശേഷം ക്യാമ്പിലേക്ക് മാറ്റും. അതേസമയം, ശ്രീലങ്കയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ ധാരാളം പേര്‍ ഇന്ത്യയിലേക്ക് വരാന്‍ കാത്തിരിക്കുന്നുണ്ടെന്നും അഭയാര്‍ത്ഥി കുടുംബം പറയുന്നു. തമിഴ്‌നാട് സര്‍ക്കാറിന്റെ നിലപാടില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ആളുകള്‍ ഇന്ത്യയിലേക്ക് വരാന്‍ ശ്രമിക്കുന്നത് എന്നും ഇവര്‍ പറയുന്നു.



No comments