Breaking News

സ്വീഡനിലെ ഖുർആൻ കത്തിക്കൽ; പ്രതിഷേധമറിയിച്ച് സൗദിയും ഖത്തറും


റിയാദ്: സ്വീ‍ഡനിൽ ഖുർആൻ കത്തിച്ച തീവ്ര വലതുപക്ഷ സംഘങ്ങളുടെ ക്യാംപയിനെതിരെ പ്രതിഷേധമറിയിച്ച് സൗദി അറേബ്യയും ഖത്തറും. ഖുർആൻ നിന്ദയെയും രാജ്യത്തെ തീവ്രവാദികൾ മുസ്ലിങ്ങൾക്കെതിരെ നടത്തുന്ന പ്രകോപനങ്ങളെയും ശക്തമായ അപലപിക്കുന്നെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പരസ്പരം സഹിഷ്ണുതയോടെയും സഹവർത്തിത്വത്തോടെയും കഴിയേണ്ടതിന്റെ ആവശ്യകതയെ പറ്റി പ്രസ്താവനയിൽ സൗദി ചൂണ്ടിക്കാട്ടി. സമാനമായി ഖത്തറും സ്വീഡനിലെ ഖുർആൻ കത്തിക്കലിനെ അപലപിച്ചു.
200 കോടിയിലേറെ വരുന്ന മുസ്ലിങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിച്ച പ്രവൃത്തിയാണിതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. വിശ്വാസം, മതം, വംശം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള എല്ലാ തരത്തിലുള്ള വിദ്വേഷ പ്രചരണങ്ങളെയും ഖത്തര്‍ തള്ളിക്കളയുന്നു. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ലക്ഷ്യമിടുന്ന വ്യവസ്ഥാപിതമായ ആഹ്വാനങ്ങൾ തുടരുന്നതിലൂടെ ഇത്തരം വിദ്വേഷ പ്രവൃത്തികൾ അപകടകരമായി വളർന്നെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ വിദ്വേഷം, വിവേചനം, അക്രമം എന്നിവ ഉപേക്ഷിക്കാനുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും മതവിശ്വാസവും അഭിപ്രായ, ആവിഷ്കാര സ്വാതന്ത്രവും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങളിൽ പരിഹാരം കാണാനും അന്താരാഷ്ട്ര സമൂഹത്തോട് ഖത്തർ ആഹ്വാനം ചെയ്യുകയും ചെയ്തു.സ്വീഡനിൽ നാലു ദിവസമായി അരങ്ങേറുന്ന ആക്രമണത്തില്‍ 40ലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വീഡനിലെ കുടിയേറ്റ വിരുദ്ധ, മുസ്ലീം വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടിയായ സ്ട്രാം കുര്‍സിന്റെ നേതാവായ റാസ്മസ് പാലുഡന്‍ ഖുര്‍ആന്‍ കത്തിച്ച് കൊണ്ട് തുടക്കമിട്ട റാലിയാണ് കലാപത്തിന് വഴിവെച്ചത്. പ്രതിഷേധ റാലി ആക്രമത്തിലേക്ക് വഴിമാറിയ നോര്‍ക്കോപിംഗ്, ലിംഗോപിങ്ങ് എന്നീ നഗരങ്ങളിലാണ് വലിയ രീതിയിലുള്ള കലാപം അരങ്ങേറുന്നത്. സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിലും വലിയ പ്രതിഷേധ റാലികളാണ് അരങ്ങേറുന്നത്. കലാപകാരികള്‍ക്ക് നേരെ നോര്‍ക്കോപിംഗില്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റത്. 150ലേറെ വരുന്ന പ്രതിഷേധക്കാര്‍ പൊലീസിന് നേരെയും അക്രമണം അഴിച്ചുവിട്ടു.


No comments