Breaking News

1500 കോടിയുടെ ഹെറോയിൻ വേട്ട, മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാൻ ബന്ധം, മലയാളികളും പ്രതിപ്പട്ടികയിൽ




കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്. മയക്കുമരുന്ന് സംഘത്തിന്റെ പാക്കിസ്ഥാൻ ബന്ധം ഡിആർഐ സ്ഥിരീകരിച്ചു. പിടിയിലായ തമിഴ്നാട് സ്വദേശികളായ നാല് പ്രതികൾ പാക്കിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ. തമിഴ്നാട് സ്വദേശികളായ ആദ്യ നാല് പ്രതികൾക്കും മയക്കുമരുന്ന് കടത്തിൽ നേരിട്ട് ബന്ധമുണ്ട്. രണ്ട് മലയാളികളും പ്രതി പട്ടികയിലുണ്ട്. സുചൻ, ഫ്രാൻസിസ് എന്നിവരാണ് പിടിയിലായ മലയാളികൾ. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. മത്സ്യത്തൊഴിലാളികളായ ഇവർ ജോലിക്കെത്തിയതാണെന്നാണ് മൊഴി നൽകിയത്. കേസിലെ വിഴിഞ്ഞം പൊഴിയൂർ സ്വദേശികളുടെ ബന്ധവും അന്വേഷിക്കുകയാണ്. മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യം വച്ചത് ഇന്ത്യൻ തീരമാണെന്നാണ് കണ്ടെത്തൽ.

ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ ഹെറോയിൻ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയായിരുന്നു. ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആർഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തിൽ മുഖ്യപങ്കാളിത്തമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.



പിടിയിലായ ബോട്ടിൽ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തിട്ടുണ്ട്. നിരവധി രാജ്യാന്തര കോളുകൾ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. അറബിക്കടലിൽ ഹെറെയിൻ കൈമാറ്റത്തിനുളള ലൊക്കേഷൻ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണ്. കളളക്കടത്തിനെപ്പറ്റി എൻ ഐ എയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ എൻ ഐ എ ചോദ്യം ചെയ്തു. മയക്കുമരുന്ന് പിടിച്ചതിന് പിന്നാലെ കന്യാകുമാരിയടക്കം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തി.

No comments