Breaking News

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 285 കോടി രൂപ വിതരണം ചെയ്തു; ഈ മാസം 200 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു ജില്ലാ കളക്ടര്‍


കാസർഗോഡ് :എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാളിതുവരെ 285 കോടി രൂപ വിതണം ചെയ്തു കഴിഞ്ഞുവെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. പി.ആര്‍ ചേമ്പറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സാമ്പത്തിക സഹായം, സൗജന്യ റേഷന്‍ തുടങ്ങി 171 കോടി രൂപ, ചികിത്സാ ധനസഹായം 16.83 കോടി, പെന്‍ഷന്‍ 81.42 കോടി, ആശ്വാസ കിരണം പദ്ധതി 4.5 കോടി, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 4.44 കോടി, വായ്പ എഴുതി തള്ളിയത് 6.82 കോടി എന്നിങ്ങനെയാണ് വിവിധ ഇനങ്ങളില്‍ സാമ്പത്തിക സാഹയവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയതെന്നും കളക്ടര്‍ പറഞ്ഞു. നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം

കോവിഡ് രോഗികള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ആരംഭിച്ച രൂപപ്പെടുത്തിയ മാതൃകയില്‍ മാറ്റം വരുത്തി നഷ്ടപരിഹാരം വിതരണം സുഗമമാക്കാന്‍ ഉപയോഗിക്കുമെന്നും ജൂണ്‍ രണ്ടാമത്തെ ആഴ്ചയോടുകൂടി വിതരണം ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഏതാനും ദിവസങ്ങളോടെ യാധാര്‍ത്ഥ്യമാകും. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ട്രാന്‍സഫര്‍ ചെയ്യും. 

ഇതോടെ എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായവര്‍ കളക്ടറേറ്റിലെത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. അടുത്തുള്ള അക്ഷയ സെന്റര്‍ അല്ലെങ്കില്‍ വില്ലേജ് ഓഫീസ് മുഖാന്തിരം ഈ പോര്‍ട്ടലില്‍ അപേക്ഷിച്ചാല്‍ മതിയാകും. ധനസഹായത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു. 


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 6727 പേരാണ് ജില്ലയിലുള്ളത്. ഇവരില്‍ 3014 പേര്‍ക്കായി 1,19,34,00,000 രൂപ വിതരണം ചെയ്തു കഴിഞ്ഞു. നിലവില്‍ 3642 പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഇതില്‍ 733 പേര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ലിസ്റ്റില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.


എന്‍ഡോ സള്‍ഫാന്‍ ദുരിതാശ്വാസം നല്‍കാനുള്ള ദുരിത ബാധിതരെ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്. കിടപ്പ് രോഗികളായ 371 രോഗികളാണ് ഉള്ളത്. അതില്‍ 269 നഷ്ടപരിഹാരം നല്‍കി കഴിഞ്ഞു. 102 പേര്‍ക്കാണ് ഈ വിഭാഗത്തില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ബുദ്ധിമാന്ദ്യം സംഭവിച്ച 1499 പേരാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ 1173 പേര്‍ക്കും ദുരിതാശ്വാസം വിതരണം ചെയ്തു കഴിഞ്ഞു. നിലവില്‍ 326 പേര്‍ക്കാണ് നല്‍കാനുള്ളത്. ഭിന്നശേഷി വിഭാഗത്തില്‍ 1189 പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 988 പേര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്തു. ഇനി 201 പേര്‍ക്കാണ് ഈ വിഭാഗത്തില്‍ ബാക്കിയുള്ളത്. അര്‍ഭുത രോഗികളായ 699 പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 580 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി. 119 പേര്‍ക്ക് ബാക്കിയുണ്ട്. 2966 ആളുകളാണ് അഞ്ചാമത്തെ വിഭാഗമായ മറ്റുള്ളവര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ നാല് പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കിയത്. 2894 പേര്‍ ബാക്കിയുണ്ട്. 


എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉല്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു നല്‍കിയിട്ടുണ്ടെന്നും ബൈജു.കെ.ജി,അശോക് കുമാര്‍, മധുസൂദനന്‍, തോമസ് പി.ജെ, ശാന്ത, ശാന്ത കൃഷ്ണന്‍, സജി, എം.വി രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തതെന്നും കളക്ടര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍  പങ്കെടുത്തു.

No comments