Breaking News

ടാറിംങ് കഴിഞ്ഞ് ആഴ്ചകള്‍ മാത്രം.. കുന്നുംകൈ ചിറ്റാരിക്കല്‍ റോഡിന് വിള്ളൽ


കുന്നുംകൈ: ടാറിംങ് ആഴ്ചകള്‍ മാത്രം പിന്നിട്ട കുന്നുംകൈ ചിറ്റാരിക്കല്‍ റോഡിനു വിള്ളല്‍. കുന്നുംകൈ പാലത്തിനു സമീപത്താണ് ഇരുപത് മീറ്ററോളം നീളത്തിലും മൂന്നു വിരല്‍ വീതിയിലും വലിയ വിള്ളല്‍ രൂപപ്പെട്ടത്. റോഡിനായി എടുത്തിട്ട മണ്ണ് ഉറപ്പിക്കാതെ ടാർ ചെയ്തതാണ് റോഡ് തകരാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ വീതി കൂട്ടിയ ഭാഗത്താണ് വിള്ളൽ സംഭവിച്ചത്. റോഡിന് വീതിയുള്ളതിനാൽ ഒരു ഭാഗത്തു കൂടി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ്  വിള്ളൽ കണ്ടെത്തിയത്. ഭീമനടി ചിറ്റാരിക്കല്‍ റോഡില്‍ വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ എല്ലാ വാഹനങ്ങളും കുന്നുംകൈ വഴിയാണ് ചിറ്റാരിക്കലിലേക്ക് പോകുന്നത്. നിര്‍മ്മാണത്തിലെ അപാകതയും അധികൃതരുടെ അനാസ്തയുമാണ് റോഡിനു വിള്ളല്‍ വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 6.5 കിലോമീറ്റര്‍ മുതല്‍ 10.5 കിലോമീറ്റര്‍ വരെയുള്ള ഭാഗവും മെക്കാഡം ടാറിങ് നടത്തി അഭിവൃദ്ധിപ്പെടുത്താന്‍  നബാര്‍ഡ് ആര്‍ ഐ ഡി എഫ് ഫണ്ടില്‍നിന്നും 9.46 കോടി രൂപയാണ് റോഡിനായി  ചെലവഴിക്കുന്നത്. എന്നാല്‍ റോഡില്‍ വേണ്ടത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നും പലയിടങ്ങളില്‍  കയറ്റം കുറയ്ക്കുകയോ വീതി കൂട്ടുകയോ ചെയ്തിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

No comments