Breaking News

അഗ്നിപഥ്: കരസേനയിൽ വിജ്ഞാപനം ഇന്ന്; ഭാരത് ബന്ദെന്ന് പ്രചാരണം, സുരക്ഷ ശക്തമാക്കി സംസ്ഥാനങ്ങൾ


ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയില്‍ പ്രതിഷേധം കനക്കവെ കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും. കരട് വിജ്ഞാപനത്തെത്തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കും. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. വ്യോമസേനയില്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 24നാണ്. പരിശീലനം ഡിസംബര്‍ 30ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും. നാവികസേനയില്‍ 25നായിരിക്കും റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഇറങ്ങുക. ഒരു മാസത്തിനുള്ളില്‍ പരീക്ഷ നടക്കും. നവംബര്‍ 21ന് പരിശീലനം തുടങ്ങും.

അതേസമയം, പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ ഇന്ന് രാജ്യത്ത് പ്രഖ്യാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. സംഘടനകളുടെ പേര് വിവരങ്ങള്‍ ഇല്ലാതെയാണ് പ്രചാരണം. കേരളത്തില്‍ ഒരു സംഘടനയുടേയും ഹര്‍ത്താലില്ല. ഭാരത് ബന്ദിന് ആരുടേയും പിന്തുണയുമില്ല. ബന്ദെന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശിച്ചു. പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമത്തിന് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ നടപടി സ്വീകരിക്കും.

സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തി. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റേഞ്ച് ഡിഐജിമാരും മേഖലാ ഐജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കി. ഭാരത് ബന്ദെന്ന പ്രചാരണം ശക്തമായതോടെ വിവിധ സംസ്ഥാനങ്ങള്‍ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകാനുള്ള സാധ്യതയുണ്ട്. ബിഹാറില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുപിയിലെ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലും നിരോധനാജ്ഞയുണ്ട്. പഞ്ചാബില്‍ സാമൂഹിക മാധ്യമ നിരീക്ഷണം ശക്തമാക്കി. ഝാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ചയും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഹരിയാനയിലെ ഫരീദാബാദില്‍ സുരക്ഷ കര്‍ശനമാക്കിയതായി പൊലീസ് അറിയിച്ചു.


No comments