Breaking News

സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6% വർധന; ഗാർഹിക ഫിക്‌സഡ് ചാർജും വർധിപ്പിച്ചു


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുത നിരക്ക് 6.6% ആയി വർധിപ്പിച്ചു. ഗാര്‍ഹിക ഫിക്‌സഡ് ചാര്‍ജും വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്റ്റഡ് ലോഡുള്ളവർക്ക് വർധനയില്ല. അങ്കണവാടി, വൃദ്ധസദനം, അനാഥാലയം എന്നിവിടങ്ങളിലും വര്‍ധനയില്ല. 100 മുതൽ 150 വരെ യൂണിറ്റുകൾ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 25 പൈസയാണ് വർധന. അടുത്ത ഒരു വർഷത്തേ‍ക്കുള്ള പുതുക്കിയ വൈദ്യുതി നിരക്കാണ് കെഎസ്ഇബി റെ​ഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് 2022-23 വർഷത്തെ നിരക്ക് വർധിപ്പിച്ചതെന്നും കമ്മീഷൻ പറഞ്ഞു.

നിരക്ക് നിശ്ചയിക്കുന്നതിന് കൊവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരി​ഗണിച്ചിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്ന ​ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് കൂട്ടില്ലെന്നും കമ്മിഷൻ അറിയിച്ചു. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും. മാരക രോഗികൾ ഉള്ള വീടുകളിൽ വൈദ്യുത നിരക്കിലുളള ഇളവ് തുടരും. പെട്ടിക്കടകൾക്ക് കണക്റ്റഡ് ലോഡ് 1000 എന്നത് 2000 ആക്കി ഉയർത്തിയിട്ടുണ്ട്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ നിരക്ക് തുടരും.

1. 1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല. 

2. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് ആനുകൂല്യം ലഭിക്കും. 

3. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനവില്ല. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.

4. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവില്ല. 

5. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തി. 

6. ചെറിയ പെട്ടികടകള്‍, ബങ്കുകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്നു 2000 വാട്ടായി വര്‍ധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും.

7. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. ഏകദേശം 4.76 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. 8. 10 കിലോവാട്ട് വരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണി തേച്ച്കൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈവിഭാഗങ്ങള്‍ക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വര്‍ധനവ് വരും.



No comments