Breaking News

കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്നം ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യത്തിലേക്ക് ; നിര്‍മ്മാണം അന്തിമഘട്ടത്തില്‍


കാഞ്ഞങ്ങാട്ടെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത്  കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 6 കോടി ചിലവിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. മൂന്ന് കോടി നാല്‍പത്തിയെട്ട് ലക്ഷം രൂപയാണ് എഗ്രിമെന്റ് തുക. സിവില്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു. മൂന്ന് മാസത്തിനകം സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുമെന്നാണ് പ്രതീക്ഷ. രണ്ടുനിലയില്‍ ഒരുങ്ങുന്ന സ്‌റ്റേഡിയത്തിന്റെ താഴത്തെ നിലയില്‍ ഏഴുവരിയും ആറുമീറ്റര്‍ നീളവുമുള്ള ഗാലറി ഇരുവശത്തും ഉണ്ടാകും. വോളിബാള്‍, ബാസ്‌ക്കറ്റ്ബാള്‍, ഹാന്‍ഡ്ബാള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകളും ഡ്രസ് ചേഞ്ചിംഗ് റൂം, ലോബി, ഓഫീസ്, ഡോര്‍മെറ്ററി, സ്റ്റോര്‍ റൂം എന്നിവയും ഉണ്ട് . വി.ഐ.പി.ഗാലറിക്കു പുറമെ ജിംനേഷ്യം, ഡ്രസ്സിംഗ് റൂം, ഗസ്റ്റ് റൂം എന്നിവയും സ്റ്റേഡിയത്തില്‍ ഒരുക്കും. കബഡി,വോളിബോള്‍, കമ്പവലി തുടങ്ങിയ മേഖലകളില്‍ ജില്ലയുടെ സംഭാവന മികച്ചതാവുമ്പോഴും മറ്റ് കായിക മേഖലയിലുള്ള ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പ്രഭാകരന്‍ കമ്മീഷന്‍ വിഭാവനം ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്. .

വിവിധ കായിക മത്സരങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും വിധത്തിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം. ബാക്കിയുള്ള ചുരുങ്ങിയ നിര്‍മാണപ്രവൃത്തികള്‍ പരമാവധി വേഗത്തില്‍ തീര്‍ത്ത് കായികപ്രേമികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് വികസന പാക്കേജ് ഓഫീസര്‍ ഇ.പി.രാജ്മോഹന്‍ പറഞ്ഞു.

No comments