Breaking News

'സ്വപ്നയുടെ കയ്യിൽ തെളിവുണ്ട്, മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണം' : രാജ്മോഹൻ ഉണ്ണിത്താൻ




തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളേറ്റെടുത്ത് പ്രതിപക്ഷം. കറൻസി കടത്തിലെ പങ്കിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. ഗുരുതര ആരോപണങ്ങളിൽ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷത്തെ നേതാക്കൾ മുന്നോട്ട് വെക്കുന്നത്.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ആരോപണമെന്നും മുഖ്യമന്ത്രിയും കുടുംബവും അഗ്നിശുദ്ധി വരുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ ഗുരുതര ആരോപണങ്ങളോടെ രണ്ടാം ഇടത് സർക്കാരിന്റെ പ്രതിഛായ തകർന്നു. ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരും. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.




അതേ സമയം, മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയില്‍ കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എം പി ആവശ്യപ്പെട്ടു. കള്ളൻ ബിരിയാണി ചെമ്പിൽ നിന്ന് പുറത്ത് വരണം. മുഖ്യമന്ത്രി ഒളിച്ച് നടക്കുകയാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ പ്രസ്താവന നൽകിയത് സംശയം ജനിപ്പിക്കുന്നു. ആരോപണങ്ങൾ നേരിട്ടപ്പോൾ കെ.കരുണാകരനും, ഉമ്മൻ ചാണ്ടിയും മാധ്യമങ്ങളുടെ മുൻപിൽ എത്തിയിരുന്നുവെന്നും കെ മുരളീധരൻ ഓർമ്മിപ്പിച്ചു.



സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പുതുതായി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും. വളരെ ഗുരുതരമായ ആരോപണമാണ് ഇപ്പോഴുയർന്നിട്ടുള്ളതെന്നും, ഇതിൽ കാര്യമായ അന്വേഷണം തന്നെ നടക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. സ്വപ്ന പറഞ്ഞ കാര്യങ്ങൾ നേരത്തേ തന്നെ പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളതാണ്. ഗുരുതരമായ ആരോപണങ്ങളുയർന്ന സാഹചര്യത്തിൽ നിലവിൽ ആ സ്ഥാനത്ത് ഇരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ല. മുഖ്യമന്ത്രി രാജിവെച്ച് സ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.

No comments