Breaking News

വടക്കാകുന്ന് ഖനനാനുമതി: പാർട്ടി നിലപാടിൽ വ്യാപക പ്രതിഷേധം സി.പി.എം ഉരുക്കുകോട്ടയായ കാരാട്ട് പ്രദേശത്തു നിന്നും ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവർ പാർട്ടി വിടാനൊരുങ്ങുന്നു


വെള്ളരിക്കുണ്ട്: കിനാനൂർ കരിന്തളം പഞ്ചായത്തിലെ സി.പി.ഐ.എമ്മിന്റെ ഉരുക്കുകോട്ടയായ കാരാട്ട്, തോടൻചാൽ, കൂളിപ്പാറ, നെല്ലിയര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും പാർട്ടി മെമ്പർമാർ ഉൾപ്പെടെ നൂറ് കണക്കിന്  പ്രവർത്തകരും അനുഭാവികളും പാർട്ടി വിടാനൊരുങ്ങുന്നു.

 സ്വന്തം നാടിൻ്റെ നിലനിൽപ്പിനേക്കാൾ വലുതല്ല പാർട്ടി പ്രവർത്തനം എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് കാരാട്ട് ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ള പ്രവർത്തകർ നേതൃത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിൽ ഈ പ്രദേശങ്ങളിൽ ബ്രാഞ്ച് കമ്മറ്റിയുടെ പ്രവർത്തനം മരവിപ്പിച്ച നിലയിലാണ്.

കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലെ കാരാട്ട്, പന്നിത്തടം, ഏറാൻചിറ്റ, കനകപ്പള്ളി, മരുതുകുന്ന്, കൂളിപ്പാറ, തോടൻചാൽ തുടങ്ങിയ പ്രദേശങ്ങൾക്ക് നടുവിൽ ആയിരകണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ജീവനും, ആരോഗ്യത്തിനും, സ്വസ്ഥജീവിതത്തിനും, കൃഷിക്കും, കുടിവെള്ളത്തിനും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി ജീവിതത്തിനുമെല്ലാം ഭീഷണിയുയർത്തികൊണ്ട് വടക്കാകുന്ന് മരുതുകുന്ന് ഭാഗങ്ങളിലായി വൻകിട ഖനന പ്രവർത്തനങ്ങളും, ക്രഷറുകളും ആരംഭിക്കാനുള്ള നീക്കം തിരിച്ചറിഞ്ഞതുമുതൽ കഴിഞ്ഞ നാല് വർഷത്തോളമായി വിഷയം പാർട്ടി ബ്രാഞ്ചുകളിൽ ചർച്ച ചെയ്ത് വരുന്നു. യാതൊരു കാരണവശാലും ഈ പ്രദേശത്ത് ഇത്തരം പ്രവർത്തനങ്ങൾക്ക് അനുമതി നൽകില്ലെന്നും പാർട്ടിയെ വിശ്വാസത്തിലെടുക്കണമെന്നുമുള്ള ഉറപ്പാണ് പാർട്ടി ഘടകങ്ങളിൽ നിന്നും പാർട്ടി അംഗങ്ങൾക്കും പ്രദേശത്തെ ജനങ്ങൾക്കും ലഭിച്ചിട്ടുള്ളത്, തുടർന്നും ഖനന നീക്കങ്ങളുമായി മുൻപിലേക്ക് പോകുന്നത് തിരിച്ചറിഞ്ഞതിന് ശേഷം പാർട്ടിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ച് സമരപരിപാടികൾ ഏറ്റെടുക്കണമെന്നും, പാർട്ടിയുടെ ഏരിയാ -ജില്ലാ കമ്മിറ്റികളുടെ ഈ വിഷയത്തിലെ നിലപാട് വ്യക്തമാക്കണമെന്നും പാർട്ടിയോട് ആവശ്യപെട്ടിരുന്നു, ഇതിന് മറുപടി ലഭിക്കാത്തതിനാൽ ബ്രാഞ്ച് സമ്മേളനം ഉൾപ്പടെ ബഹിഷ്കരിക്കാൻ അംഗങ്ങൾ തീരുമാനിച്ചുവെങ്കിലും സമ്മേളനത്തിനു ശേഷം തീരുമാനമെടുക്കാമെന്ന ഉറപ്പിൻമേൽ സമ്മേളനം നടത്തുകയായിരുന്നു, തുടർന്ന് ലോക്കൽ, ഏരിയാ, ജില്ലാ, സംസ്ഥാന സമ്മേളനങ്ങളുടെ പേര് പറഞ്ഞ് തീരുമാനങ്ങൾ പറയാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത്, മെമ്പർഷിപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സ്കൂട്ട്നി യോഗത്തിൽ തീരുമാനങ്ങൾ അറിയിക്കാതെ പുതുക്കാൻ സാധിക്കില്ല എന്ന നിലപാട് മെമ്പർമാർ എടുത്തുവെങ്കിലും ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ വെച്ച് എത്രയും പെട്ടന്ന് ഈ വിഷയങ്ങളിൽ തീരുമാനമുണ്ടാക്കുമെന്നും എല്ലാവരും മെമ്പർഷിപ്പ് പുതുക്കണമെന്നും അഭ്യർത്ഥിച്ചതിനാൽ മെമ്പർഷിപ്പ് പുതുക്കാൻ തയാറാവുകയാണുണ്ടായത്, പറഞ്ഞ തിയതിയും പിന്നിട്ട് മാസങ്ങൾക്കുശേഷവും യോഗം വിളിക്കുകയൊ തീരുമാനങ്ങൾ അറിയിക്കുകയൊ ചെയ്യാത്തതിനാൽ വാർഡ് മെമ്പർ വിപുലീകരണ യോഗം വിളിച്ചു ചേർത്തെങ്കിലും യോഗത്തിൽ പാർട്ടി ഈ വിഷയം ഏറ്റെടുക്കണമെന്ന ജനങ്ങളുടെ ആവശ്യം യോഗത്തിൽ പങ്കെടുത്ത ലോക്കൽ കമ്മിറ്റി അംഗങ്ങൾ അംഗീകരിക്കാതെ വരികയും വിവിധ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ പങ്കെടുത്ത യോഗം തീരുമാനമാകാതെ പിരിയുകയും നിലവിൽ സംരക്ഷണ സമിതി നടത്തി വരുന്ന സമരം മുൻപിലേക്ക് കൊണ്ടുപോകാൻ പ്രദേശവാസികൾ തീരുമാനിക്കുകയുമായിരുന്നു, അതിന് ശേഷം വീണ്ടും ഏരിയാ സെക്രട്ടറി പങ്കെടുത്ത് യോഗം ചേരുകയും വിഷയം ഗൗരവത്തോടെ കാണുന്നതായും മെയ് 15ന് ഉള്ളിൽ ജില്ലാ സെക്രട്ടറി ഉൾപ്പെടെ പ്രധാന നേതാക്കൾ പ്രദേശം സന്ദർശിക്കുമെന്നും മെയ് 30ന് ഉള്ളിൽ വിപുലമായ യോഗം വിളിച്ച് പാർട്ടിയുടെ നേതൃത്വത്തിൽ സമരം ശക്തമാക്കുമെന്നും ഉറപ്പു നൽകിയിരുന്നു, പറഞ്ഞ തിയതി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നേതാക്കൾ സ്ഥലം സന്ദർശിക്കുകയൊ യോഗം വിളിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുകയൊ ചെയ്തിട്ടില്ല. ഇത് ഒരു ഗ്രാമത്തിന്റെ നിലനിൽപ്പിന്റെ വിഷയമാണ്,  എല്ലാറ്റിനുമുപരി പാർട്ടിയെ നെഞ്ചിലേറ്റുന്ന സാധാരണക്കാരിൽ സാധാരണക്കാരായ നൂറ് കണക്കിന് കർഷ തൊഴിലാളികളുടെ ജീവന്റെയും ആരോഗ്യത്തിന്റെയും, കൃഷിയുടെയും ശുദ്ധജലത്തിന്റെയും ശുദ്ധവായുവിന്റെയും വിഷയമാണ്, ജനിച്ചു വീണ കുട്ടികളുടെ ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും, ഭാവി ജീവിതത്തിന്റെയും പ്രശ്നമാണ്, ജനിച്ചു വീഴാനുള്ളതലമുറകളോടുള്ള ദ്രോഹമാണ്, അസുഖബാധിതരോടും, പ്രായമുള്ളവരോടുമുള്ള ക്രൂരതയാണ്.. എല്ലാം തിരിച്ചറിഞ്ഞിട്ടും ഇതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാനൊ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനൊ പാർട്ടി നേതൃത്വം തയാറാകാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും പ്രദേശത്തെ പാർട്ടി ത്വമുള്ള വടക്കാകുന്ന് സംരക്ഷണസമിതി പ്രവർത്തകർ ചോദിക്കുന്നു. ബളാൽ പഞ്ചായത്ത് സെക്രട്ടറിയും, ഖനന മാഫിയ ഏജൻ്റും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ പശ്ചാത്തലത്തിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ബളാൽ ലോക്കലിൽ പാർട്ടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവെങ്കിലും വടക്കാകുന്ന് ഉൾപ്പെടുന്ന പരപ്പ ലോക്കലിൽ ഖനനാനുമതികളുമായി ബന്ധപ്പെട്ട് യാതൊരു പ്രതിഷേധവും പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് ദുരൂഹമാണെന്നും ഇവർ പറയുന്നു. ജനങ്ങൾ നടത്തിവന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കളക്ടർ വിളിച്ചു ചേർത്ത യോഗതീരുമാനങ്ങൾ നടപ്പിലാക്കാത്തതിൽ പാർട്ടി ഒരു ഇടപെടലുകളും നടത്താത്തത് സംശയാസ്പദമാണ്. ഒക്ടോബർ 26 ന് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ പ്രദേശത്ത് സംരക്ഷണ സമിതി പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാൻ രണ്ട് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു, ജനപ്രതിനിധികളെയൊ സംരക്ഷണ സമിതി പ്രവർത്തകരെയൊ നേരത്തേ വിവരമറിയിക്കാതെ ഖനന മാഫിയകളുടെ ഏജന്റ്മാർക്കൊപ്പം റിപ്പോർട്ട് തയാറാക്കി മടങ്ങിയ ഉദ്യോഗസ്ഥരുടെ നടപടികൾക്കെതിരെ പ്രതികരിക്കാൻ  പാർട്ടി നേതൃത്വം തയാറായിട്ടില്ല. ഡിസമ്പർ 28 ന് അതേ യോഗം വീണ്ടും ചേർന്ന് റിപ്പോർട്ട് സമർപ്പിക്കാനാണ് യോഗ തീരുമാനം,യോഗം വീണ്ടും ചേരുകയൊ റിപ്പോർട്ട് സമർപ്പിക്കുകയൊ ചെയ്തിട്ടില്ല.കളക്ടർ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച സമയപരിധിയിലാണ് ക്രഷർ നിർമ്മാണത്തിനും ഖനന പ്രവർത്തനങ്ങൾക്കും ആവശ്യമായ പല അനുമതികളും ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്രദേശത്ത് യാതൊരു വിധ അനുമതികളും നൽകിയിട്ടില്ല എന്നും അതിനാൽ സമരം നിർത്തിവെക്കണമെന്നും ജനപ്രതിനിധികളും കളക്ടറും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികൾ നടത്തിവന്ന സമരം നിർത്തിവെച്ചത്, ഈ പ്രദേശത്ത് ഖനനാനുമതികൾക്കുള്ള വിവിധ അനുമതികൾ നൽകിയതും ക്രഷറിന് ഉൾപ്പെടെ അനുമതികൾ നൽകിയതും ഈ കാലയളവിലാണ് എന്നത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്നതിന് തെളിവാണ്, ഇതിനെതിരെ പ്രതികരിക്കാനോ യോഗം വിളിക്കാനാവശ്യമായ ഇടപെടലുകൾ നടത്താനൊ പാർട്ടി നേതൃത്വം തയാറായിട്ടില്ലെന്നും കാരാട്ട് വടക്കാകുന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തൊണ്ണൂറ് ശതമാനവും പാർട്ടി പ്രവർത്തകരുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച് സംരക്ഷണവും സുരക്ഷയും നൽകാൻ ബാധ്യതപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനവും ജനങ്ങളും തമ്മിൽ ഭിന്നാഭിപ്രായം വന്നത് പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയായി കഴിഞ്ഞു. പാർട്ടിയുടെ നിലപാടുകളിൽ ശക്തമായ പ്രതിഷേധം പ്രദേശത്ത് നിലനിൽക്കുന്നു,  കഴിഞ്ഞ ദിവസം ചേർന്ന കാരാട്ട് ബ്രാഞ്ച് യോഗത്തിൽ പാർട്ടി നേതൃത്വങ്ങളുടെ നിലപാടുകളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, ഖനന നീക്കങ്ങൾ അവസാനിപ്പിക്കാനാവശ്യമായ ഇടപെടലുകൾ ഉണ്ടാകുന്നതുവരെ ബ്രാഞ്ച് പരിധിയിൽ പാർട്ടി പ്രവർത്തനങ്ങൾ മരവിപ്പിക്കുവാനും തീരുമാനിച്ചു. നിലവിൽ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി നിർത്തലാക്കുന്നതിനും പാർട്ടിയുടെ വർഗ്ഗ ബഹുജന വനിതാ സംഘടനകളുടെ മെമ്പർഷിപ്പ് പ്രവർത്തനം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും മരവിപ്പിക്കുവാനും തീരുമാനിച്ചു. തോടൻചാൽ ബ്രാഞ്ച് യോഗത്തിലും നിരവധി പാർട്ടി അംഗങ്ങൾ പാർട്ടി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി കത്ത് നൽകി. കിനാനൂർ കരിന്തളം പഞ്ചായത്തിൽ എൽ.ഡി.എഫിൻ്റെ ഉറച്ച വാർഡുകളിലൊന്നാണ് കാരാട്ട്. പട്ട്ളം, ബിരിക്കുളം വാർഡുകളിലെ നിരവധി വോട്ടർമാർ ഈ പ്രദേശത്തുണ്ട്, ഈ പ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത തീരുമാനങ്ങളിലെത്തിയാൽ തുടർ തിരഞ്ഞെടുപ്പുകളിൽ പഞ്ചായത്ത് ഭരണം തന്നെ നഷ്ടപ്പെടാനുള്ള സാഹചര്യം വിലയിരുത്തപ്പെടുന്നു.

No comments