Breaking News

'ദേവദൂതർ പാടി..' ചാക്കോച്ചൻ്റെ മിന്നൽ നാടൻ ഡാൻസ് വൈറൽ.. ഗാനരംഗം പൂർണ്ണമായും ചിത്രീകരിച്ചത് ചീമേനി പുലിയന്നൂരിൽ


വെള്ളരിക്കുണ്ട്: ആഗസ്റ്റ് 11 ന് തീയ്യേറ്ററിൽ എത്തുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബൻ്റെ നാടൻ ഡാൻസ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ദേവദൂതർ പാടി.. എന്ന ഗാനത്തിന് തനി നാടൻ ശൈലിയിൽ നൃത്തം ചെയ്താണ് കുഞ്ചാക്കോയുടെ കഥാപാത്രം പ്രേക്ഷക മനസിൽ ഇടം നേടിയത്. പാട്ടിൻ്റെ താളവുമായി യാതൊരു ബന്ധവുമില്ലാതെ സ്വയം മറന്ന് തൻ്റെതായ രീതിയിൽ നൃത്തം ചെയ്യുന്ന  കുഞ്ചാക്കോയുടെ കഥാപാത്രത്തിൻ്റെ  പ്രകടനം കണ്ട് ചിരിക്കാത്തവരായി ആരുമില്ല, ഗാന വീഡിയോ കണ്ടപ്പോൾ താനും ചിരിച്ച് പോയെന്ന് ചാക്കോച്ചൻ പറഞ്ഞു. വീഡിയോ വൈറലായ ഈ അവസരത്തിൽ ചീമേനിക്കാർക്ക് അഭിമാനിക്കാം. ഈ ഗാനരംഗം പൂർണ്ണമായും ചിത്രീകരിച്ചത് ചീമേനി പുലിയന്നൂരിലെ ക്ഷേത്രപരിസരത്ത് വച്ചാണ്. കൂടാതെ ഗാന രംഗത്ത് വരുന്ന മറ്റ് കഥാപാത്രങ്ങൾ എല്ലാം തന്നെ കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. ഗാനമേളയിൽ പാട്ട് പാടുന്ന ഗായകനായി വേഷമിട്ടത് കാസർകോട് സ്വദേശി തുളസിധരനാണ്. എം.എൽ.എയുടെ വേഷത്തിൽ നാടകപ്രവർത്തകനായ സി.കെ സുധീറും, പി.എമാരായി ബളാലിലെ രാജേഷ് അഴീക്കോടനും കൃഷ്ണൻ രാവണേശ്വരവും തബലിസ്റ്റായി പ്രമോദ് അരയി എന്നിവരും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. കൂടാതെ എം.എൽ.എയുടെ ഭാര്യയുടെ വേഷത്തിൽ കാഞ്ഞങ്ങാടെ സി.പി ശുഭയും മറ്റൊരു പ്രധാന കഥാപാത്രമായി കുന്നുംകൈ സ്വദേശിനി ചിത്രാ നായരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാസർകോട് സ്വദേശി രാജേഷ് മാധവൻ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നുണ്ട്. ഗ്രാമത്തിലെ ഒരു ഉത്സവ പറമ്പും, ഗാനമേളയുമൊക്കെ തൻമയത്വത്തോടെ സൃഷ്ടിച്ചെടുത്ത ചിത്രത്തിൻ്റെ കലാസംവിധായകൻ ജ്യോതിഷ് ശങ്കറും സംഘവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ജാക്സൺ അർജുവാണ് ഗാനം തനിമ ചോരാതെ പുനർനിർമ്മിച്ചത്. ബിജു നാരായണനാണ് ഗാനത്തിൻ്റെ പുതിയ വേർഷൻ ആലപിച്ചത്. ഗാനത്തേയും കുഞ്ചാക്കോയുടെ പ്രകടനത്തേയും പ്രശംസിച്ചു കൊണ്ട് 'ദേവദൂതർ പാടി' എന്ന ഗാനം 37 വർഷം മുമ്പ് സൃഷ്ടിച്ച സംഗീത സംവിധായകൻ ഔസേപ്പച്ചനും മുന്നോട്ട് വന്നു. മൂന്ന് ദിവസം കൊണ്ടാണ് അക്കരെ പുലിയന്നൂരിൽ വച്ച് ഈ ഗാനരംഗം ചിത്രീകരിച്ചത്.

റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്

വീഡിയോ കാണാം ലിങ്ക്  ...

No comments