Breaking News

അപകട ഭീഷണി ഉയർത്തി വെള്ളരിക്കുണ്ട് ഗവ.ആശുപത്രിക്ക് സമീപത്ത് റോഡരികിലെ കൂറ്റൻ മരം


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്  ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലെ പ്രധാന റോഡരികിൽ ഏത് സമയത്തും നിലംപൊത്താവുന്ന തരത്തിൽ നിൽക്കുന്ന കൂറ്റൻ മരം അപകട ഭീഷണി ഉയർത്തുന്നു. വെള്ളരിക്കുണ്ട് ഒടയഞ്ചാൽ പ്രധാന റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന നിലയിലാണ് പഴക്കം ചെന്ന ഈ മരം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ വേരുകൾ അടർന്നു വീഴാൻ പാകത്തിൽ ഇളകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ യാത്രക്കാരുടെ ജീവനു തന്നെ ഭീഷണിയായി വൻ ദുരന്തം സംഭവിക്കുന്നുള്ള സാധ്യത കൂടുതലാണ്. കൂടാതെ വെള്ളരിക്കുണ്ട് ഗവ.ആശുപത്രിയിലേക്ക് വരുന്നവരും വാഹനം കാത്തു നിൽക്കുന്നവരും ഈ മരത്തിൻ്റെ സമീപത്തായാണ് നിൽക്കുന്നത്, സ്കൂൾ വിദ്യാർത്ഥികൾ അടക്കം ഒട്ടേറെ ആളുകൾ നടന്നു പോകുന്ന വഴി കൂടിയാണിത്. വൈദ്യുതി കമ്പികളും ഈ മരത്തിൻ്റെ സമീപത്തുകൂടിയാണ് കടന്നു പോകുന്നത്. ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ മരം പൊട്ടിവീണാൽ വലിയ ദുരന്തമായിരിക്കും സംഭവിക്കുക. അപകട സാധ്യത മുന്നിൽ കണ്ട് വെള്ളരിക്കുണ്ടിലെ പൊതുപ്രവർത്തകനായ സണ്ണി മങ്കയം കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടപ്പോൾ പൊതുമരാമത്ത് വിഭാഗത്തെ അറിയിക്കാനാണ് നിർദ്ദേശിച്ചത് അതു പ്രകാരം പി.ബ്ള്യു.ഡി വിഭാഗമായി ബന്ധപ്പെട്ടപ്പോൾ പഞ്ചായത്ത് ട്രീ കമ്മറ്റിയുടെ ശ്രദ്ധയിൽ പെടുത്താൻ നിർദ്ദേശിക്കുകയാണുണ്ടായത്. വിഷയം പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ എം.രാധാമണിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സണ്ണി മങ്കയം അറിയിച്ചു

No comments