Breaking News

കരിന്തളം ഏകലവ്യ സ്‌കൂൾ 
ഉദ്‌ഘാടനം നാളെ ബങ്കളത്ത്‌ മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും



മടിക്കൈ: പട്ടികവർഗ വിഭാഗത്തിലെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കുന്ന കേരളത്തിലെ ആദ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് സ്‌കൂൾ കരിന്തളം ഇഎംആർഎസ് സ്‌കൂൾ ശനിയാഴ്‌ച ബങ്കളം കൂട്ടപ്പുന്നയിൽ തുറക്കും. പകൽ 11ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.
പട്ടിക വർഗക്കാരിൽ നിന്നും മികച്ച കായിക പ്രതിഭകളെ കണ്ടെത്താനും അവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയുമാണ് ഏകലവ്യ സ്‌കൂളിന്റെ ലക്ഷ്യം.
2018 ലാണ് കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഇഎംആർഎസ് സ്‌കൂൾ അനുവദിച്ചത്. തുടർന്ന് പഞ്ചായത്തിൽ 10 ഏക്കർ റവന്യു ഭൂമി ഏറ്റെടുത്തു. സ്‌കൂൾ കെട്ടിടം, ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഗ്രൗണ്ട്, നീന്തൽ കുളം അടക്കമുള്ള നിർമാണപ്രവർത്തനത്തിനു ഭരണാനുമതി ലഭിച്ചു. ഗ്രൗണ്ടിന്റെ നിർമാണം തുടങ്ങി.
നിലവിൽ മടിക്കൈ കൂട്ടപ്പുനയിലെ കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തനമാരംഭിക്കുക.
ഇരുനിലകളിലായുള്ള കെട്ടിടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള താമസസ്ഥലം, അടുക്കള, ഭക്ഷണ മുറി, രണ്ടു ക്ലാസ് മുറി, ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങിയവയുണ്ട്‌. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലാണ് കായിക പരിശീലനം. അധ്യാപക അനധ്യാപക ജീവനക്കാരുടെ നിയമനവും പൂർത്തിയായി.
ആറാം ക്ലാസിലേക്ക്‌ 30 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കുമാണ് പ്രവേശനം. പ്ലസ്ടുവരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം മികച്ച കായിക പരിശീലനവും നൽകും. നിലവിൽ 54 കുട്ടികൾ പ്രവേശനം നേടി. സിബിഎസ്ഇ സിലബസിലാണ് അധ്യയനം.


No comments