Breaking News

കുണ്ടംകുഴി മുള്ളംകോട്‌ തോട്ടിൽ വീണ്‌ കാണാതായ തെയ്യം കലാകാരനായി തെരച്ചിൽ തുടരുന്നു


കുണ്ടംകുഴി :വ്യാഴാഴ്‌ച മുള്ളംകോട്‌ തോട്ടിൽ വീണ്‌ കാണാതായ തെയ്യം കലാകാരനായി തെരച്ചിൽ തുടരുന്നു. കനത്ത മഴയും കലക്കുവെള്ളവും തെരച്ചിൽ ദുഷ്‌കരമാക്കുന്നു. വെള്ളി രാത്രിയോടെ പാണ്ടിക്കണ്ടത്ത്‌ തെരച്ചിൽ അവസാനിപ്പിച്ചു. ശനിയും തെരച്ചിൽ തുടരും.
വെള്ളി രാവിലെ മുതൽ മുള്ളംകോട്‌, കടക്കയം, വെള്ളരിക്കയ, തോണിക്കടവ്‌ മുതൽ പാണ്ടിക്കണ്ടം വരെയാണ്‌ തെരച്ചിൽ നടത്തിയത്‌. തോടരികിലും പുഴയരികിലും കാടുമൂടിയതും പ്രയാസമുണ്ടാക്കി. കുറ്റിക്കോൽ, കാസർകോട്‌, കാഞ്ഞങ്ങാട്‌ എന്നിവിടങ്ങളിലെ അഗ്‌നി രക്ഷാസേനയും ബേഡകം പൊലീസും നാട്ടുകാരും തെരച്ചിലിൽ പങ്കാളികളായി. അഗ്‌നി രക്ഷാസേനയുടെ ഡിങ്കിബോട്ടും പുഴയിലിറക്കി. നൂറുകണക്കിന്‌ നാട്ടുകാരും പുഴയയുടെ തീരം അരിച്ചുപെറുക്കി.
അതിനിടയിൽ വെള്ളി ഉച്ചക്ക്‌ മൃതദേഹം കിട്ടിയെന്ന നിലയിൽ സാമൂഹ്യ മാധ്യമങ്ങളിലും മറ്റുചില മാധ്യമങ്ങളിലും വന്ന വാർത്തയും പരിഭ്രാന്തി പരത്തി. നാട്ടുകാർ കൂട്ടത്തോടെ അഗ്‌നി രക്ഷാസേനയുടെ വാഹനത്തിനടുത്തേക്ക്‌ വിവരം അറിയാൻ എത്തി. അപ്പോഴാണ്‌ വ്യാജവാർത്തയാണെന്ന്‌ അറിയുന്നത്‌.
മഴ കുറഞ്ഞ്‌ കലക്കുവെള്ളം തെളിയുന്നതോടെ തെരച്ചിൽ അൽപം വേഗം കൂട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാർ.
സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ, എം സുമതി, ഇ കുഞ്ഞിരാമൻ എന്നിവർ ബാലചന്ദ്രന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.


No comments