Breaking News

ദുരിതപ്പെയ്ത്ത്: രണ്ടരവയസുകാരി അടക്കം ആറ് പേർ മരിച്ചു; അതിതീവ്ര മഴ തുടരും, 10 ജില്ലകളിൽ റെഡ് അലർട്ട്




തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിശക്ത മഴയിൽ ഇന്ന് ആറ് മരണം. ഇതോടെ, മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. പേരാവൂരിൽ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് നാലിടത്ത് ഓറഞ്ച് അലർട്ടാണ്. അതിനിടെ, തിരുവനന്തപുരം നിശാഗന്ധിയിൽ നാളെ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി സാംസ്കാരിക വകുപ്പ് മന്ത്രി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃ‍തദേഹം ഇന്ന് രാവിലെയോടെ കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്‌ലീനയുമാണ് മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്. കോട്ടയം കൂട്ടിക്കലിലും എറണാകുളം കോതമംഗലത്തും ഓരോരുത്തർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാണാതായ പൗലോസിന്‍റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. വൈക്കത്തും ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. ചേരാനെല്ലൂരിൽ കണ്ടെടുത്ത തിരിച്ചറിയാത്ത മൃതദേഹം ഒഴുക്കിൽപ്പെട്ട് മരിച്ചയാളുടേത് ആണെന്നാണ് സംശയിക്കുന്നത്. ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേസമയം, സംസ്ഥാനത്ത് ആകെ 49 ദുരിതാശ്വാസ ക്യാമ്പുകളിലായി 757 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ അതിശക്തമാകും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. മറ്റ് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. തുടർച്ചയായ ഉരുൾപ്പൊട്ടലിനും മലവെള്ളപാച്ചിലിനും സാധ്യത ഏറെയാണ്. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.

സംസ്ഥാനത്തെ ഡാമുകളിൽ ജാഗ്രത തുടരുകയാണ്. കനത്ത മഴയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള, പെങ്ങൾക്കൂത്ത് ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗലം, മീങ്കര ഡാമുകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും കെഎസ്‌ഇബിയുടെ വലിയ ഡാമുകളിൽ ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ, പാലക്കാട് ജില്ലയിൽ രണ്ട് ഡാമുകൾ പന്ത്രണ്ട് മണിക്ക് തുറന്നു. പോത്തുണ്ടി, കാഞ്ഞിരപ്പുഴ ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. പോത്തുണ്ടി പുഴയുടെ തീരത്ത് ഉള്ളവരും കുന്തിപ്പുഴയുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പാലക്കാട് നെല്ലിയാമ്പതിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് ഏഴ് കുടുംബങ്ങളെ മാറ്റിപ്പാ‍ർപ്പിച്ചു. നെല്ലിയാമ്പതി പാടഗിരി പരിഷ് ഹാളിലാണ് ക്യാമ്പ് തുറന്നത്. പാലക്കാട് ജില്ലയിലെ ഏഴ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. വൈകീട്ട് നാലിന് മന്ത്രി കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേരും. നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക് വിനോദ യാത്രക്കാ‍‍ർക്ക് നാലാം തീയതി വരെ വിലക്ക് ഏ‍ർപ്പെടുത്തി. ജില്ലയിൽ റെഡ് അല‍ർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. അട്ടപ്പാടിയിലേക്കും യാത്രാ നിരോധനമുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഭാരവാഹനങ്ങൾ കടന്നു പോകരുത്. മണ്ണിടിച്ചിൽ ഭീഷണി കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിയന്ത്രണം ഏ‍ർപ്പെടുത്തിയത്.

ശക്തമായ മഴയിൽ എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു. കോതമംഗലം സ്വദേശി പൗലോസ് മരംവീണാണ് മരിച്ചത്. ജില്ലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ആലുവ പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണപ്പുറം പൂർണമായും മുങ്ങി. എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിലും സ്റ്റാന്‍ഡിലെ കടകളിലേക്കും വെള്ളം കയറി. എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായത്. അതേസമയം, മഴയുടെ ശക്തി കുറഞ്ഞതോടെ തിരുവനന്തപുരം ജില്ലയിൽ തൽക്കാലം ആശങ്ക ഒഴിഞ്ഞു. നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ കുറഞ്ഞു. ജില്ലയിലെ റെഡ് അലേർട്ട് പിൻവലിച്ചു. വിതുരയിലും അമ്പൂരിയിലും ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. ഇന്നലെ ജലത്തിനടിയിലായ ഇടങ്ങളിൽ നിന്നെല്ലാം ഏതാണ്ട് പൂർണമായി വെള്ളം ഒഴിഞ്ഞു. വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

പത്തനംതിട്ടയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. റാന്നിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. പമ്പയും മണിമലയാറും രകവിഞ്ഞൊഴുകുന്നു. അപ്പർകുട്ടനാട്ടിലെ
തലവടിയിൽ വെള്ളംകയറി. കോട്ടയത്ത് തീക്കോയി മാർമലയിൽ ഉരുൾപൊട്ടി. പാലാ ടൗണിലും വെള്ളം കയറി. കോട്ടയം ജില്ലയിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി മേഖലകൾ പ്രളയ ദുരിതത്തിലാണ്. കനത്ത മഴയിൽ പാലക്കാട്, തൃശൂർ ജില്ലകളിൽ വ്യാപക നാശമാണ് ഉണ്ടായത്. നെല്ലിയാമ്പതി ചുരം പാതയിൽ മണ്ണിടിഞ്ഞു. പാലക്കാട്‌ ഒലിപ്പാറയിൽ 14 വീടുകളിൽ വെള്ളം കയറി. ചാലക്കുടിയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ചാവക്കാട് കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. കണ്ണൂരിൽ മലയോര മേഖലയിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായതാണ് ആൾ നാശത്തിനും വ്യാപക നഷ്ടങ്ങൾക്കും കാരണമായത്. ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. നെടുമ്പൊയിൽ ചുരത്തിൽ ഗതാഗതം പുനരാരംഭിക്കാൻ ആയിട്ടില്ല.

No comments