Breaking News

ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു


ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നുള്ള രാജി. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ അദ്ദേഹവുമുണ്ടായിരുന്നു.

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗുലാം നബി ആസാദ് പ്രചാരണ വിഭാഗം ചെയര്‍മാനം സ്ഥാനമൊഴിഞ്ഞത്. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാം നബി ആസാദ് രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ തന്നെ തരംതാഴ്ത്തുന്നതാണ് പുതിയ നിയമനമെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്. ഗുലാം നബി ആസാദിന്റെ അടുത്ത അനുയായി ഗുലാം ആഹമ്മദ് മിറിനെ പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകം മേധാവി സ്ഥാനത്തു നിന്ന് തരംതാഴ്ത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ആസാദിന്റെ രാജി. മിര്‍ കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞിരുന്നു. മിറിന് പകരം വികാര്‍ റസൂല്‍ വാനിയെയാണ് പാര്‍ട്ടി നിയമിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നടത്തിയ പുനസംഘടന നേതാക്കള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, നീക്കം വിള്ളല്‍ ആഴത്തിലുള്ളതാക്കിയെന്നാണ് വിലയിരുത്തല്‍.

No comments