Breaking News

കുന്നുംകൈ ചിറ്റാരിക്കാൽ റോഡ് കോൺക്രീറ്റ് പ്രവൃത്തിയിൽ അപാകത; നാട്ടുകാർ നിർമ്മാണം തടഞ്ഞു


കുന്നുംകൈ: കുന്നുംകൈ ചിറ്റാരിക്കാൽ റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കോൺക്രീറ്റ് പ്രവർത്തിയിൽ വൻ ക്രമക്കേട്. ഇതിനെ തുടർന്ന് കുന്നുംകൈ കുണ്ടംതട്ടു റോഡിൽ ഇന്നലെ ചെയ്ത കോൺക്രീറ്റ് പ്രവർത്തിയിൽ നടന്ന അപാകതയിലാണ് നാട്ടുകാർ പ്രവർത്തി തടസ്സപ്പെടുത്തിയത്. വീതികുറഞ്ഞ ഈ ഭാഗത്ത് കാൽനടയാത്രക്കാർക്ക് സഞ്ചരിക്കേണ്ട ഭാഗത്ത് വീതികുറച്ചും സ്ഥലം നികത്താതെ പുല്ലുകളിൽ കോൺക്രീറ്റ് നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം തടസ്സപ്പെടുത്തിയത്. സമീപത്തെ  ഓവുചാൽ നിർമ്മിക്കാതെ കാൽ നടയാത്രക്കാർക്കു കടന്നു പോകാൻ  പ്രയാസപ്പെടുന്ന ഇവിടെ അശാസ്ത്രീയമായ നിർമ്മാണമാണ് നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.പല തവണ പൊതുമരാമത്ത് അധികൃതരെ നാട്ടുകാർ  വിവരം ധരിപ്പിച്ചുവെങ്കിലും അപാകത പരിഹരിക്കാൻ  ശ്രമിക്കാത്തതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. നിർമ്മാണം  തടസ്സപ്പെട്ടതിനെ തുടർന്ന് പൊതുമരാമത്ത് അധികൃതരുടെ നിർദേശം  അനുസരിച്ച്  കരാറുകാരൻ നിർമ്മാണ പ്രവർത്തി അവസാനിപ്പിച്ചു. മലയോര ഹൈവേ കടന്നു പോകുന്ന ചിറ്റാരിക്കാല്‍ ടൗണില്‍ നിന്ന് ആരംഭിക്കുന്ന ചിറ്റാരിക്കല്‍- കുന്നുംകൈ റോഡ് ഈ പ്രദേശത്തെ വെള്ളരിക്കുണ്ട് താലൂക്കുമായി ബന്ധപ്പെടുത്തുന്ന പ്രധാന ലിങ്ക് റോഡാണിത്.10.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിന്റെ 1.6 കിലോമീറ്റര്‍ മുതല്‍ നാല് കിലോമീറ്റര്‍ വരെയുള്ള ഭാഗവും 6.5 കിലോമീറ്റര്‍ മുതല്‍ 10.5 കിലോമീറ്റര്‍ വരെയുള്ള ഭാഗവും മെക്കാഡം ടാറിങ് നടത്തി അഭിവൃദ്ധിപ്പെടുത്താന്‍  നബാര്‍ഡ് ആര്‍ ഐ ഡി എഫ് ഫണ്ടില്‍നിന്നും 9.46 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.  എന്നാൽ ടാറിങ് നിർമ്മാണം പൂതീകരിച്ച ഭാഗത്ത് റോഡിൽ കുഴികളും വിള്ളലും  ടാറിങ് പൊളിഞ്ഞ നിലയിലും ഉണ്ട്. റോഡരികിൽ മുമ്പ് നിർമ്മിച്ച കോൺക്രീറ്റും പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലുമാണ്. നിർമ്മാണത്തിൽ വൻ ക്രമക്കേടും അഴിമതിയും ഉണ്ടന്ന് നാട്ടുകാർ നേരെത്തെ തന്നെ ആരോപിച്ചിരുന്നു.

No comments