Breaking News

"വലിയ ശബ്ദത്തോടെ വീട് ഞടുങ്ങി.." ഭൂമിയിലുണ്ടായ പ്രകമ്പനത്തിൻ്റെ ആശങ്കയിൽ വെള്ളരിക്കുണ്ട് ഏ.കെ.ജി നഗറിലെ ഗോപകുമാറിൻ്റെ കുടുംബം


വെള്ളരിക്കുണ്ട്: ഇന്ന് രാവിലെ 10.30 മണിയോടെയാണ് വെള്ളരിക്കുണ്ടിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ ഏ.കെ.ജി നഗറിലെ ഗോപകുമാറിൻ്റെ വീട്ടുപരിസരത്ത് വലിയ ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടതായി പറയുന്നത്. ഗോപകുമാറിൻ്റെ ഭാര്യയും കുട്ടികളും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. വലിയ പൊട്ടുന്ന ശബ്ദത്തോടെ വീടിനാകെ ഒരു പ്രകമ്പനം അനുഭവപ്പെട്ടതോടെ കുട്ടികൾ അടക്കം എല്ലാവരും ഭയന്നു വിറച്ചു. ആ സമയം ഗോപകുമാർ ഓട്ടോറിക്ഷാ സ്റ്റാൻ്റിലായിരുന്നു. ഭയന്നു വിറച്ച വീട്ടുകാർ ഫോൺ വിളിച്ച ഉടനെ ഗോപകുമാർ വീട്ടിൽ എത്തി വീടും പരിസരവും പരിശോധിച്ചെങ്കിലും കാര്യമായ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടില്ല. ഉടനെ വെള്ളരിക്കുണ്ട് പോലീസിലും തഹസിൽദാരേയും വിവരം അറിയിച്ചു. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ എം ബി രാഘവനും സ്ഥലം സന്ദർശിച്ചു. രാവിലെ ഇതേ സമയത്ത് സമാന രീതിയിൽ വലിയ ശബ്ദം കേട്ടതായും പ്രകമ്പനം ഉണ്ടായതായും സമീപത്ത് താമസിക്കുന്ന വെള്ളരിക്കുണ്ടിലെ വ്യാപാരി തമ്പാൻ്റെ വീട്ടുകാരും മലയോരം ഫ്ലാഷിനോട് പറഞ്ഞു. തൊട്ടടുത്തുള്ള മറ്റൊരു വീടിൻ്റെ ജനലുകൾ ഇളകിയ ശബ്ദം കേട്ടതായും വീട്ടുകാർ പറഞ്ഞു. പ്രകമ്പനത്തിൻ്റെ ഭാഗമായി വീടിനോ മുന്നിലെ കിണറിനോ കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ജിയോളജിക്കൽ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമെ കൂടുതൻ വിവരങ്ങൾ ലഭ്യമാവുകയുള്ളു.
സമാന രീതിയിലുള്ള സംഭവം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ വിവരം അറിയിക്കണമെന്നും തുടർ നടപടികൾ സ്വീകരിക്കാമെന്നും വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി ഗോപകുമാറിൻ്റെ കുടുംബത്തെ അറിയിച്ചു.

No comments